ഖത്തർ ലോകകപ്പ് എല്ലാ അർത്ഥത്തിലും വളരെ മികച്ചത്; പ്രശംസയുമായി മെസിയുടെയും എംബാപ്പെയുടെയും പരിശീലകൻ
2022 FIFA World Cup
ഖത്തർ ലോകകപ്പ് എല്ലാ അർത്ഥത്തിലും വളരെ മികച്ചത്; പ്രശംസയുമായി മെസിയുടെയും എംബാപ്പെയുടെയും പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th December 2022, 10:31 am

ഖത്തർ ലോകകപ്പ് ആവേശകരമായ രീതിയിൽ സമാപിച്ചിരിക്കുകയാണ്. ആദ്യമായി ഒരു അറബ് രാജ്യം ആതിഥെയത്വം വഹിച്ച ഫുട്ബോൾ ലോകകപ്പ് എന്ന നിലയിൽ വലിയ ചർച്ചകളാണ് ഖത്തർ ലോകകപ്പിനെ ചുറ്റിപറ്റി രംഗത്ത് വന്നിരുന്നത്.
എന്നാൽ ലോകകപ്പ് മത്സരങ്ങൾ മുന്നോട്ട് പോകവെ ഫിഫ പ്രസിഡന്റ് അടക്കം വിവിധ കോണുകളിൽ നിന്നുള്ള ധാരാളം പ്രമുഖർ ഖത്തറിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു.

എന്നാലിപ്പോൾ ഖത്തറിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബ് പി. എസ്.ജി യുടെ പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ.
” നമ്മൾ വളരെ മനോഹരമായൊരു ലോകകപ്പ് ഖത്തറിൽ കണ്ടു. അത് വളരെ മികച്ച രീതിയിൽ തന്നെ സംഘടിക്കപ്പെട്ടു. എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റിയ വളരെ മികച്ച രീതിയിൽ നടത്തട്ടപ്പെട്ട ലോകകപ്പ് ആയിരുന്നു ഖത്തറിലേത്.

കുറച്ച് ദിവസം ദോഹയിൽ തങ്ങാനും കുറച്ച് ലോകകപ്പ് മത്സരങ്ങൾ നേരിൽ കാണാനും എനിക്ക് ഭാഗ്യം ലഭിച്ചു. എന്തായാലും അതിൽ വളരെ സന്തോഷം,’ അദ്ദേഹം പറഞ്ഞു.


കൂടാതെ ഏത് തരത്തിൽ നോക്കിയാലും മികച്ച രീതിയിൽ സംഘടിക്കപ്പെട്ട ലോകകപ്പാണ് ഖത്തറിൽ നടത്തപ്പെട്ടതെന്നും അതിൽ സർപ്രൈസിങ് ആയ നിരവധി മുഹൂർത്തങ്ങൾ ആസ്വദിക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ നിലവാരത്തെയും കുടുംബത്തോടൊപ്പം ഖത്തറിൽ ആസ്വദിക്കാൻ സാധിച്ച സമയത്തെയും കുറിച്ച് അദ്ദേഹം വാചാലനാകുകയും ചെയ്തു.
ലോകകപ്പ് ഇടവേളക്ക് ശേഷം പുനരാരംഭിക്കുന്ന ക്ലബ്ബ് ഫുട്ബോളിനായി തങ്ങൾ തയ്യാറാണെന്നും ലോകകപ്പിന് ശേഷം താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമവും ഉല്ലസിക്കാനുള്ള സമയവും ലഭിച്ചുവെന്നും താരങ്ങൾ ലീഗ് വൺ മത്സരങ്ങൾക്ക് തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

“ലീഗ് വണ്ണിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയാണ്. രണ്ട് പ്രധാന മത്സരങ്ങളാണ് ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ കളിക്കാനുള്ളത്. ഡിസംബർ 28ന് സ്ട്രാസ്ബർഗിനെതിരെയും ജനുവരി ഒന്നിന് ലെൻസിനെതിരെയും. പ്ലെയേഴ്‌സിനെ മികച്ച രീതിയിൽ തയാറാക്കി എല്ലാ മത്സരങ്ങളിലും ജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ക്രിസ്റ്റഫെ ഗാൾട്ടിയർ പറഞ്ഞു.

പി.എസ്.ജിയിൽ നെയ്മർ, മെസി, എംബാപ്പെ അടക്കമുള്ള സൂപ്പർ താരങ്ങൾ കളിക്കുന്നത് ഗാൾട്ടിയറുടെ നേതൃത്വത്തിന് കീഴിലാണ്. കൂടാതെ പി.എസ്.ജിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് നേടികൊടുക്കുക എന്നതാണ് ഗാൾട്ടിയർക്ക് ക്ലബ്ബ്‌ മാനേജ്മെന്റ് നൽകിയിരിക്കുന്ന ഉത്തരവാദിത്തം. ഡിസംബർ 15ന് ബയേൺ മ്യൂണിക്കുമായാണ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരം.

 

Content Highlights: Qatar World Cup was excellent in every sense; said christophe galtier