ഖത്തറിന്റെ 400 മില്യണ്‍ ഡോളര്‍ ആകാശത്തളിക വിവാദം; ഫ്രീയായി ആഡംബര വിമാനം കിട്ടുമ്പോള്‍ വേണ്ടെന്ന് വെക്കാന്‍ ഞാന്‍ മണ്ടനല്ല: ട്രംപ്
World News
ഖത്തറിന്റെ 400 മില്യണ്‍ ഡോളര്‍ ആകാശത്തളിക വിവാദം; ഫ്രീയായി ആഡംബര വിമാനം കിട്ടുമ്പോള്‍ വേണ്ടെന്ന് വെക്കാന്‍ ഞാന്‍ മണ്ടനല്ല: ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th May 2025, 9:56 am

വാഷിങ്ടണ്‍: ഖത്തര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിക്കാനിരിക്കുന്ന 400 മില്യണ്‍ ഡോളറിന്റെ ആഡംബര ജെറ്റിനെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ഇത്തരമൊരു ഓഫര്‍ ഒരിക്കലും നിരസിക്കില്ലെന്ന് പറഞ്ഞ ട്രംപ് ഇതൊരു മികച്ച ഓഫര്‍ ആണെന്നും അത് കൈവിട്ട് കളയാന്‍ മാത്രം താന്‍ ഒരു മണ്ടന്‍ അല്ലെന്നും പറഞ്ഞു.

‘ഇത് നല്ലൊരു ഓഫര്‍ ആണ്. ഇത്തരത്തിലുള്ളൊരു ഓഫറിനോട് ഞാന്‍ ഒരിക്കലും മുഖം തിരിക്കില്ല. ഇത്രയും വിലകൂടിയ സാധനം ഫ്രീയായി കിട്ടുമ്പോള്‍ വേണ്ടെന്ന് വെക്കാന്‍ ഞാന്‍ ഒരു മണ്ടന്‍ ആയിരിക്കണം,’ ട്രംപ് പറഞ്ഞു.

ഖത്തര്‍ ഇതിന് പകരമായി എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്. അതേസമയം ട്രംപ് തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇതിനകം സൗദിയില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി  ഖത്തറും യു.എ.ഇയുമല്ലാം യു.എസ് പ്രസിഡന്റ് സന്ദര്‍ശിക്കും. ബുധനാഴ്ച്ച നടക്കുന്ന യു.എസ്-ഗള്‍ഫ് ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും.

അതേസമയം 400 മില്യണ്‍ ഡോളര്‍ വില വരുന്ന ഖത്തറിന്റെ ആഡംബര ജെറ്റ് തന്റെ ഭരണശേഷം ട്രംപിന്റെ തന്നെ സ്വകാര്യ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്താനുമുള്ള തീരുമാനത്തെ ഡെമോക്രാറ്റിക് സെന്നറ്റര്‍മാര്‍ വിമര്‍ശിച്ചു. ഖത്തറിന്റെ സമ്മാനം കൈപ്പറ്റുന്നതിനെതിരെ ചേംബറില്‍ വോട്ടെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് ഇവര്‍.

സെനറ്റ് വിദേശകാര്യ കമ്മിറ്റിയിലെ നാല് ഡെമോക്രാറ്റിക് അംഗങ്ങള്‍ തിങ്കളാഴ്ച വോട്ടെടുപ്പിനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദേശ സര്‍ക്കാരുകളില്‍ നിന്ന് വലിയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ അനുവാദമില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ട്രംപിന് 400 മില്യണ്‍ ഡോളറിന്റെ ആഡംബര ജെറ്റ് ഖത്തര്‍ രാജകുടുംബം സമ്മാനിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്. ബോയിങ് 747-8 എന്ന വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനിക്കുക. ഒരു യു.എസ് സര്‍ക്കാരിന് ലഭിച്ച ഏറ്റവും മൂല്യം കൂടിയ സമ്മാനമാണിത്. എന്നാല്‍ ഇത് വലിയ രാഷ്ട്രീയ-നയതന്ത്ര വിവാദങ്ങള്‍ക്കാണ് യു.എസില്‍ വഴി തെളിച്ചത്.

യു.എസ് ഭരണഘടന പ്രകാരം സര്‍ക്കാരിന് ഇത്തരത്തിലൊരു സമ്മാനം വിദേശസര്‍ക്കാരില്‍ നിന്ന് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് കൈക്കൂലിയാണെന്നുമാണ് ഡെമോക്രാറ്റുകളും മറ്റ് രാഷ്ട്രീയ നിരീക്ഷകരും ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ട്രംപ് അധികാരത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഈ സമ്മാനം ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് കൈമാറുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ ഖത്തറിന്റെ സമ്മാനം സ്വീകരിച്ചേക്കുമെന്ന് പറഞ്ഞ ട്രംപ് ഈ കൈമാറ്റം പൂര്‍ണമായും സുതാര്യമാണെന്നും അവകാശപ്പെട്ടു. ഈ സമ്മാനം പ്രതിരോധ വകുപ്പിനാണ് കിട്ടിയതെന്നും ഈ 247 എയര്‍ക്രാഫ്റ്റ് എയര്‍ഫോഴ്സിലെ 40 വര്‍ഷം പഴക്കമുള്ള എയര്‍ഫോഴ്സ് വണ്ണിന് പകരമായി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlight: Qatar’s $400 million  luxuary jet controversy; I’m not stupid enough to turn down a luxury plane for free: Trump