ദോഹ: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ വ്യോമ പാത തുറന്ന് ഖത്തര്‍. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അടച്ച വ്യോമപാതയാണ് ഖത്തര്‍ വീണ്ടും തുറന്നത്.
തിങ്കളാഴ്ച വൈകുന്നേരം അല്‍-ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചിരുന്നതായും എല്ലാ മിസൈലുകളും തടഞ്ഞിട്ടുണ്ടെന്നും ഖത്തര്‍ അറിയിച്ചു. ആളപായമോ പരിക്കുകളോ ആര്‍ക്കും തന്നെ ഉണ്ടായിട്ടില്ലെന്നും ഖത്തറിലെ യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചത് യാത്രക്കാരില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് വ്യോമപാത അടച്ചതെന്നും താത്ക്കാലികമായായിരിക്കും അടച്ചുപൂട്ടലെന്നും നേരത്തെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ദോഹയിലെ യു.എസ് വ്യോമതാവളത്തിന് നേരെയുള്ള ആക്രമണത്തിന് തൊട്ടുമുമ്പാണ് വ്യോമപാത അടച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് ഖത്തര്‍ വ്യോമപാത അടച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് താവളമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളവും പശ്ചിമേഷ്യയിലെ ഏറ്റവും തിരക്ക് കൂടിയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേസും ദോഹയിലാണുള്ളത്.
വ്യോമപാത അടച്ചത് നിരവധി എയര്‍ലൈനുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ കാരണമായിട്ടുണ്ടെന്നും പല വിമാനങ്ങളുടെയും സമയം പുനഃക്രമീകരിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്നമുള്ള യാത്രക്കാരെ ഇന്ത്യന്‍ സമയം പത്ത് മണിയോടെ മാത്രമേ പുറപ്പെടൂവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രണങ്ങള്‍ക്ക് തിരിച്ചടിയായി ദോഹയിലെ യു.എസ് വ്യോമകേന്ദ്രം ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് വ്യോമകേന്ദ്രമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആറോളം ബാലിസ്റ്റിക് മിസൈലുകളാണ് ദോഹയിലേക്ക് ഇറാന്‍ തൊടുത്തതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.