ഗസയെ വാസയോഗ്യമല്ലാതാക്കി മാറ്റി; ഇസ്രഈലിന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനത്തെ അപലപിച്ച് ഖത്തർ
Trending
ഗസയെ വാസയോഗ്യമല്ലാതാക്കി മാറ്റി; ഇസ്രഈലിന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനത്തെ അപലപിച്ച് ഖത്തർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 5:40 pm

ദോഹ: ഗസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ആക്രമണം തുടരുന്ന ഇസ്രഈലിനെ അപലപിച്ച് ഖത്തർ.

വെടിനിർത്തൽ കരാർ തുടർച്ചയായി 11ാം ദിവസവും ലംഘിച്ച ഇസ്രഈൽ ഗസയെ വാസയോഗ്യമല്ലാതാക്കി മാറ്റിയെന്ന് ഗസ വെടിനിർത്തൽ കരാറിന്റെ പ്രധാന മധ്യസ്ഥനായ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി വിമർശിച്ചു.

‘ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന എല്ലാ നിയമലംഘനങ്ങളെയും . ഗസയെ മനുഷ്യ ജീവിതത്തിന് അനുയോജ്യമല്ലാതാക്കി മാറ്റിയതിനേയും ഇസ്രഈലിന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനത്തെയും ഞങ്ങൾ അപലപിക്കുന്നു,’ ചൊവ്വാഴ്ച ഷൂറ കൗൺസിൽ നിയമസഭയെ അഭിസംബോധന ചെയ്ത് ഖത്തർ അമീർ പറഞ്ഞു. ഗസയ്‌ക്കെതിരായി ഇസ്രഈൽ നടത്തുന്ന ആക്രമണം വംശഹത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതയ്ക്ക് സംരക്ഷണം നൽകണമെന്നും വംശഹത്യ നടത്തിയവർ അവരുടെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈൽ വംശഹത്യ നടത്തുന്നവരും അയൽരാജ്യങ്ങൾക്ക് ശത്രുവുമാണെന്ന് കഴിഞ്ഞ മാസം യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഖത്തർ അമീർ പറഞ്ഞിരുന്നു.

ഗസയിൽ ഇസ്രഈൽ ആക്രമണം തുടരുമ്പോഴും വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശം.

എന്നാൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഇസ്രഈൽ 80 തവണ വെടിനിർത്തൽ ലംഘിച്ചെന്നും ആക്രമണങ്ങളിൽ 97 ഫലസ്തീനികൾ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നെന്നും ഗസയിലെ മീഡിയ ഓഫീസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞമാസം ഖത്തറിൽ ഹമാസ് സംഘത്തിന് നേരെ ഇസ്രഈൽ നടത്തിയ വ്യോമാക്രമണം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് കാരണമായിരുന്നു.എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് അന്ന് ഖത്തർ വിമർശിച്ചിരുന്നു.

അമേരിക്കയുടെ അടുത്ത കക്ഷിയായ ഖത്തർ ഗസ വെടിനിർത്തൽ കരാറിന്റെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നുണ്ട്. തുർക്കിയും ഈജിപ്തുമാണ് മധ്യസ്ഥത വഹിക്കുന്ന മറ്റു രാജ്യങ്ങൾ.

Content Highlight: Qatar condemns Israel’s continued ceasefire violations, making Gaza uninhabitable