ഖത്തർ ആക്രമണം; ഇസ്രഈലിനെ അപലപിച്ച് യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ
World
ഖത്തർ ആക്രമണം; ഇസ്രഈലിനെ അപലപിച്ച് യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th September 2025, 8:05 am

ജനീവ: ദോഹയിൽ ചൊവ്വാഴ്ച ഇസ്രഈൽ നടത്തിയ ആക്രമണത്തെ അപലപിച്ച്‌ പ്രസ്താവനയുമായി ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗൺസിൽ അംഗങ്ങൾ.

ഇസ്രഈലിന്റെ മുഖ്യ സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെ 15 അംഗങ്ങളും അംഗീകരിച്ച പ്രസ്താവനയിൽ സംഘർഷം ലഘൂകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇസ്രഈലിന്റെ പേരെടുത്തു പറയാതെയായിരുന്നു പ്രസ്താവന നടത്തിയത്.

‘ഗസയിലോ ടെഹ്‌റാനിലോ ദോഹയിലോ ഭീകരർക്ക് സ്ഥാനമില്ല, ഭീകരർക്ക് ഒരു പ്രതിരോധശേഷിയുമില്ല, ഭീകര നേതാക്കൾ എവിടെ ഒളിച്ചാലും അവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും.’ യു.എൻ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു.

യുദ്ധം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യവും ഖത്തറിനോടുള്ള ഐക്യദാർഢ്യവും ഖത്തറിന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും പിന്തുണ നൽകുന്നുവെന്നും ബ്രിട്ടനും ഫ്രാൻസും പ്രസ്താവനയിൽ പറയുന്നു.

ഹമാസ് കൊലപ്പെടുത്തിയവർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിച്ച് ഗസയിലെ യുദ്ധവും കഷ്ടപ്പാടുകളും അവസാനിപ്പിക്കുക എന്നത് മുൻഗണയായി തുടരണമെന്ന് സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.

‘ചർച്ചകൾ നടക്കവേ ഇസ്രഈൽ നമ്മുടെ പ്രദേശങ്ങൾ ആക്രമിച്ചത് സമാധാനത്തിനുള്ള ഏതൊരു സാധ്യതയേയും തകർക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾക്ക് അവസാനം ഉണ്ടാകരുതെന്ന ഉദേശ്യം കൂടിയാണിത്.’ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി കൗൺസിലിനോട് പറഞ്ഞു.

സുരക്ഷാ കൗൺസിലിന്റെ പ്രസ്താവന ശക്തമല്ല എന്ന നിരാശയാണ് അൾജീരിയ പ്രകടിപ്പിച്ചത്.

‘അക്രമം അക്രമത്തെ വളർത്തുന്നു. ശിക്ഷയില്ലായ്മ യുദ്ധത്തെ വളർത്തുന്നു. അന്താരാഷ്ട്ര സമൂഹത്തിലെയും  സുരക്ഷാ കൗൺസിലിലെയും നിശബ്ദത പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു,’ അൾജീരിയയുടെ യു.എൻ അംബാസഡർ അമർ ബെൻഡ്ജാമ കൗൺസിലിനോട് പറഞ്ഞു.

അക്രമിയുടെ പേര് പറയാൻ പോലും കഴിയാത്ത ഈ കൗൺസിൽ ഇപ്പോഴും നിയന്ത്രണത്തിലാണെന്നും അൾജീരിയയുടെ യു.എൻ അംബാസഡർ കൂട്ടിച്ചേർത്തു.

അധിനിവേശ ശക്തിയായ ഇസ്രായേൽ, സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും തർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും പാകിസ്ഥാൻ ഐക്യരാഷ്ട്രസഭ അംബാസഡർ അസിം ഇഫ്തിക്കർ അഹമ്മദ് പറഞ്ഞു.

Content Highlight: Qatar attack; UN Security Council members condemn Israel