ഞാന്‍ നിയമസഭയിലെത്താതിരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയവരല്ലേ നിങ്ങള്‍? നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാമെന്ന് സതീശനോട് അന്‍വര്‍
Kerala News
ഞാന്‍ നിയമസഭയിലെത്താതിരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയവരല്ലേ നിങ്ങള്‍? നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാമെന്ന് സതീശനോട് അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th October 2021, 7:16 pm

തിരുവനന്തപുരം: നിയമസഭയില്‍ ഹാജരാകാത്തതിന് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ.

നിയമസഭയില്‍ എപ്പോള്‍ വരണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും തനിക്കറിയാമെന്ന് അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പി.വി. അന്‍വര്‍ നിയമസഭയിലെത്തിയില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ജീവിതത്തിലൊരിക്കലും പി.വി. അന്‍വര്‍ നിയമസഭയില്‍ എത്തരുത് എന്ന തരത്തില്‍ നിലമ്പൂരിലും വ്യക്തിപരമായും എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടേയും മുന്നണിയുടേയും നേതാവാണ് നിങ്ങള്‍,’ അന്‍വര്‍ പറഞ്ഞു.

സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കളിരിക്കുന്ന സീറ്റിന്റെ പുറകിലേക്കാക്കിയ ധാര്‍മ്മികതയുള്ള നേതാവ് കൂടിയാണ് താങ്കള്‍. അതുകൊണ്ട് ധാര്‍മ്മികതയെക്കുറിച്ചൊന്നും ദയവായി സതീശന്‍ തന്നെ പഠിപ്പിക്കരുതെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വറിന്റെ വാക്കുകള്‍:

പി.വി. അന്‍വര്‍ നിയമസഭയിലെത്തിയില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ജീവിതത്തിലൊരിക്കലും പി.വി. അന്‍വര്‍ നിയമസഭയില്‍ എത്തരുത് എന്ന തരത്തില്‍ നിലമ്പൂരിലും വ്യക്തിപരമായും എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടേയും മുന്നണിയുടേയും നേതാവാണ് നിങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിയെ ഉള്‍പ്പടെ കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും ദേശീയ നേതാക്കളേയും സംസ്ഥാന നേതാക്കളേയും എല്ലാവരേയും അണിനിരത്തി കിട്ടാവുന്നതില്‍ ഏറ്റവും നല്ലൊരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാക്കി എനിക്കെതിരെ വ്യക്തിപരമായി നിരന്തരമായ ആരോപണം ഉന്നയിച്ചാണ് തെരഞ്ഞെടുപ്പിന് നേരിട്ടത്.

അന്നെല്ലാം നിങ്ങളുടെ ഉദ്ദേശ്യം ഞാന്‍ നിയമസഭയില്‍ വരരുത് എന്നായിരുന്നു. ഇപ്പോള്‍ നിയമസഭയില്‍ എന്നെ കാണാത്തതില്‍ അങ്ങേക്ക് വിഷമമുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇത്രയൊക്കെ സ്‌നേഹമുള്ള പഴയ കോണ്‍ഗ്രസ് നേതാക്കള്‍ എന്നും കേരളത്തിലുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എന്റെ സന്തോഷം വര്‍ധിക്കുകയാണ്.

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് എനിക്കൊന്നെ പറയാനുള്ളൂ. താങ്കള്‍ക്കൊരു നേതാവുണ്ടല്ലോ, ശ്രീ രാഹുല്‍ ഗാന്ധി, അദ്ദേഹം എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോള്‍ ഏത് രാജ്യത്തേക്ക് പോകുന്നുവെന്ന് പോലും ഇന്ത്യയിലെ ജനങ്ങളോടോ കോണ്‍ഗ്രസ് നേതാക്കളോടോ പറയാറില്ല.

പലപ്പോഴും പത്രക്കാരന്വേഷിക്കുമ്പോള്‍ അദ്ദേഹം എവിടെയാണെന്ന് പറയാറില്ല. ഇന്ത്യയിലെ ഇന്റലിജന്‍സ് വിഭാഗത്തിന് പോലും പലപ്പോഴും അദ്ദേഹം ഏത് രാജ്യത്താണെന്ന് അറിയില്ല.

അത്തരത്തിലൊരു നേതാവിന്റെ അനുയായിയാണ് താങ്കളെന്ന് മനസിലാക്കണം. വയനാട്ടില്‍ നിന്നും വിജയിച്ച് പോയ അദ്ദേഹം കേരളത്തില്‍ എപ്പോഴാണ് വരാറുള്ളത്. വയനാടുമായി അദ്ദേഹത്തിനുള്ള ബന്ധമെന്താണ് എന്നൊക്കെ മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കളിരിക്കുന്ന സീറ്റിന്റെ പുറകിലേക്കാക്കിയ ധാര്‍മ്മികതയുള്ള നേതാവ് കൂടിയാണ് അങ്ങ്.

അതുകൊണ്ട് ധാര്‍മ്മികതയെക്കുറിച്ചൊന്നും ദയവായി എന്നെ പഠിപ്പിക്കരുത്. നിയമസഭയില്‍ എപ്പോള്‍ വരണം എങ്ങനെ പ്രവര്‍ത്തിക്കണം എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ നന്നായിട്ട് എനിക്കറിയാം. അതുകൊണ്ട് അതിന് താങ്കളുടെ ഉപദേശവും സഹായവും എനിക്ക് വേണമെന്നില്ല.

ഈ ഒരു സമയത്ത് താങ്കളെ ഇത്രമാത്രമെ ഞാന്‍ ഓര്‍മപ്പെടുത്തുന്നുള്ളൂ. ജനങ്ങളെന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ആ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് ഞാനിപ്പോഴും നിറവേറ്റുന്നുണ്ട്, നാളേയും നിറവേറ്റും.

ആ പൊതുപ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ടുപോകും.

ജനപ്രതിനിധിയായി സഭയില്‍ വരാന്‍ കഴിയില്ലെങ്കില്‍ രാജിവച്ചു പോകുന്നതാണ് നല്ലതെന്നാണ് അന്‍വറിനോട് സതീശന്‍ പറഞ്ഞിരുന്നത്. ബിസിനസ് ചെയ്യാനാണ് സഭയില്‍നിന്ന് മാറിനില്‍ക്കുന്നതെങ്കില്‍ എം.എല്‍.എയായി തുടരേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം 4-ാം തീയതി ആരംഭിച്ചെങ്കിലും എം.എല്‍.എ സഭയിലെത്തിയില്ല. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് സമ്മേളിച്ചത്.

ഒന്നാം സമ്മേളനത്തില്‍ 5 ദിവസമാണ് സഭയില്‍ ഹാജരായത്. രണ്ടാം സമ്മേളനത്തില്‍ ഹാജരായില്ല. സഭയില്‍ ഹാജരാകാതിരിക്കാന്‍ അവധി അപേക്ഷയും നല്‍കിയില്ല.

സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സമിതി തുടങ്ങിയവയില്‍ പി.വി. അന്‍വര്‍ അംഗമാണ്.

സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി 2 യോഗവും മറ്റു സമിതികള്‍ മൂന്നു യോഗങ്ങള്‍ വീതവും ചേര്‍ന്നു. ഈ സമിതി യോഗങ്ങളിലൊന്നും എം.എല്‍.എ പങ്കെടുത്തില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PV Anvar MLA reply to VD Satheesan