പ്രതികാരം ഒരു പുതിയ സംഗതിയല്ലല്ലോ, തമിഴിലും തെലുങ്കിലും വന്നാല്‍ നമ്മള്‍ കയ്യടിക്കില്ലേ; പുഴു ക്ലൈമാക്സ് ഇസ്‌ലാമോഫോബിക്കാണെന്ന വിമര്‍ശനത്തില്‍ ഹര്‍ഷാദ്
Entertainment news
പ്രതികാരം ഒരു പുതിയ സംഗതിയല്ലല്ലോ, തമിഴിലും തെലുങ്കിലും വന്നാല്‍ നമ്മള്‍ കയ്യടിക്കില്ലേ; പുഴു ക്ലൈമാക്സ് ഇസ്‌ലാമോഫോബിക്കാണെന്ന വിമര്‍ശനത്തില്‍ ഹര്‍ഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th May 2022, 1:31 pm

മമ്മൂട്ടിക്ക് പുറമെ പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, വസുദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

നെഗറ്റീവ് കഥാപാത്രമായ കുട്ടനായുള്ള മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി ആളുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

അതേസമയം, സിനിമയുടെ ക്ലൈമാക്‌സില്‍ മമ്മൂട്ടിയോട് പ്രതികാരം ചെയ്യാനെത്തുന്ന കഥാപാത്രത്തിന്റെ സൃഷ്ടി സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെതിരാണെന്നും, ഇസ്‌ലാമോഫോബിക്കായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദ്.

ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പ്രതികാരം എന്നത് സിനിമയില്‍ ഒരു പുതിയ സംഗതിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇരകള്‍ പ്രതികരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി എഴുതാന്‍ ഞാന്‍ ഡോക്യൂമെന്ററി അല്ല എടുക്കുന്നത്, സിനിമയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനേയും അമ്മയേയുമൊക്കെ കൊന്നു എന്നൊക്കെ പറഞ്ഞ് മലയാളത്തിലും തമിഴിലും ഹിന്ദിയിലുമോക്കെ പ്രതികാരം പശ്ചാത്തലമായി ഒരുപാട് സിനിമകള്‍ വരുന്നില്ലേ? അതിനൊക്കെ കയ്യടിയും കിട്ടിയിട്ടുണ്ട്.

അത്രമാത്രമേ പുഴുവിലും വന്നിട്ടുള്ളു. ബാക്കി ചര്‍ച്ചകളെയെല്ലാം സ്വാഗതം ചെയ്യുന്നു,” ഹര്‍ഷദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മമ്മൂട്ടി നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ഉണ്ടയുടെ തിരക്കഥയും ഹര്‍ഷദിന്റെതായിരുന്നു.

കോട്ടയം രമേശ്, നെടുമുടി വേണു, ആത്മീയ രാജന്‍, ഇന്ദ്രന്‍സ്, കുഞ്ചന്‍ എന്നിവരാണ് പുഴുവില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. മേയ് 12നായിരുന്നു ചിത്രം സോണി ലിവില്‍ റിലീസ് ചെയ്തത്.

Content Highlight: Puzhu scriptwriter Harshad response to the criticism that says the movie’s climax is islamophobic