ഇലോണ്‍ മസ്‌കിനെതിരായ ലൈംഗികാരോപണം; പുറത്ത് പറയാതിരിക്കാന്‍ എയര്‍ ഹോസ്റ്റസിന് രണ്ടര ലക്ഷം ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട്
World News
ഇലോണ്‍ മസ്‌കിനെതിരായ ലൈംഗികാരോപണം; പുറത്ത് പറയാതിരിക്കാന്‍ എയര്‍ ഹോസ്റ്റസിന് രണ്ടര ലക്ഷം ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th May 2022, 11:52 am

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്‌ല, സ്‌പേസ് എക്‌സ് എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെതിരായ ലൈംഗികാരോപണം ഒത്തുതീര്‍ക്കാന്‍ സ്‌പേസ് എക്‌സ് ശ്രമിച്ചതായി റിപ്പോര്‍ട്ട്.

മസ്‌കിനെതിരെ ലൈംഗിക ചൂഷണാരോപണം ഉന്നയിച്ച എയര്‍ ഹോസ്റ്റസിന് സംഭവം പുറത്ത് പറയാതിരിക്കാന്‍ സ്‌പേസ് എക്‌സ് രണ്ടര ലക്ഷം ഡോളര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ബിസിനസ് ഇന്‍സൈഡര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016ലായിരുന്നു ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്. ഫ്‌ളൈറ്റ് യാത്രക്കിടെ മസ്‌ക് തന്നെ ലൈംഗികപരമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് എയര്‍ ഹോസ്റ്റസിന്റെ ആരോപണം.

എന്നാല്‍ ഈ വിഷയത്തില്‍ ‘നിശ്ശബ്ദത പാലിക്കുന്നതിനാ’യി 2018ല്‍ സ്‌പേസ് എക്‌സ് ഇവര്‍ക്ക് പണം നല്‍കിയിരുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സ്‌പേസ് എക്‌സിന്റെ കോര്‍പറേറ്റ് ജെറ്റ് ഫ്‌ളീറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ഫ്‌ളൈറ്റില്‍ വെച്ച് തന്റെ മുന്നില്‍ മസ്‌ക് സ്വയം എക്‌സ്‌പോസ് ചെയ്തുവെന്നും തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് ഇവര്‍ ആരോപിച്ചിരുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ മസ്‌ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുന്നത്.

4400 കോടി ഡോളറിനായിരുന്നു (44,000 മില്യണ്‍/ 44 ബില്യണ്‍) ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ മസ്‌ക് ഒപ്പുവെച്ചത്.

Content Highlight: Report says, Air hostess who was sexually harassed by Elon Musk was paid 2,50,000 dollar by Space X