ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികൾക്കുമേൽ യു.എസ് ചുമത്തിയ തീരുവകളില്‍ തിരിച്ചടിക്കും: പുടിന്‍
Trump Tariff
ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികൾക്കുമേൽ യു.എസ് ചുമത്തിയ തീരുവകളില്‍ തിരിച്ചടിക്കും: പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd October 2025, 7:00 am

മോസ്‌കോ: തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ചുമത്തിയ തീരുവകളില്‍ സാമ്പത്തികമായി തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍.

ആഗോള വിലകള്‍ ഗണ്യമായി ഉയര്‍ത്തിയും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചുമായിരിക്കും തിരിച്ചടിക്കുകയെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയില്‍ നടന്ന രാജ്യത്തെ വിദഗ്ദ്ധരുടെ ഒരു ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെയും ചൈനയെയും അപമാനിക്കാന്‍ അനുവദിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ അത് ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കുകയെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.

‘ഇന്ത്യയിലെ ജനങ്ങള്‍ എന്നെ വിശ്വസിക്കണം. ഞങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളിലെ ഒരാളെ പോലും അപമാനിക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി നടപടിയെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,’ പുടിന്‍ പറഞ്ഞു.

മാത്രമല്ല, യു.എസ് യൂറേനിയം വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ഇത് ചെയ്യുമ്പോള്‍ യു.എസ് അതിനെ എതിര്‍ക്കുകയാണെന്നും പുടിന്‍ വിമര്‍ശിച്ചു. യു.എസിനെ പരിഹസിച്ചുകൊണ്ടായിരുന്നു പുടിന്റെ പരാമര്‍ശം.

അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണത്താല്‍ 25 ശതമാനം അധിക തീരുവയാണ് ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ യു.എസ് ചുമത്തിയത്. ഇതോടെ യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ താരിഫ് 50 ശതമാനമായി വര്‍ധിക്കുകയായിരുന്നു.

കൂടാതെ ഏറ്റവും അവസാനമായി അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ 100 ശതമാനം തീരുവയും ഇന്ത്യക്ക് തിരിച്ചടിയായി. പുതിയ തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ സെന്‍സെക്‌സില്‍ ഫാര്‍മ, ഐ.ടി വിഭാഗങ്ങളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. യു.എസിലെ മരുന്ന് വിതരണക്കാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.

ഈ പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ് വരുന്നത്. ഇതിനുപുറമെ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്.

Content Highlight: Putin warns Trump of retaliation for tariffs imposed on trade partners including India