കീവ്: റഷ്യ വീണ്ടും യുദ്ധത്തിന്റെ പാതയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. സെലെന്‍സ്‌കിയുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള നിര്‍ദേശം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി തള്ളിയതിന് പിന്നാലെയാണ് ഉക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രതികരണം.
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേയാണ്, നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി സെലെന്‍സ്‌കി അയച്ച പരസ്യ കത്തിനെ പുടിന്‍ വിമര്‍ശിച്ചത്. സെലെന്‍സ്‌കിയുടെ കത്ത് ‘വകതിരിവില്ലാത്തത്’ (boorish) ആണെന്നും നിലവില്‍ ഇത്തരം കൂടിക്കാഴ്ചകള്‍ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നും പുടിന്‍ പറഞ്ഞു.
മെയ് 22ന് റഷ്യന്‍ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌കിലെ ഒരു കോളേജ് ഡോര്‍മെറ്ററിയിലുണ്ടായ ഡ്രോണ്‍ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു പുടിന്റെ പ്രതികരണം. 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ആക്രമണത്തിന് പിന്നില്‍ ഉക്രെയ്‌നാണെന്ന് മോസ്‌കോ ആരോപിക്കുന്നു.
സമാധാന കരാറിന്റെ അന്തിമരൂപം ചര്‍ച്ചകളിലൂടെ തയ്യാറായ ശേഷം മാത്രമേ നേരിട്ടുള്ള കൂടിക്കാഴ്ച സാധ്യമാകൂ എന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ നിലപാട്.
ഉടനടി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം തള്ളിയ പുടിന്‍, കഴിഞ്ഞ വര്‍ഷം ആങ്കറേജില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചകളിലെ ധാരണകള്‍ ഉക്രെയ്ന്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പുടിന്റെ നിലപാട് സമാധാനത്തോടുള്ള താത്പര്യമില്ലായ്മയാണ് കാണിക്കുന്നതെന്ന് സെലെന്‍സ്‌കി കുറ്റപ്പെടുത്തി. പുടിന്റേത് ഒരു ദുര്‍ബലമായ പ്രതികരണം ആണെന്നും അദ്ദേഹത്തിന് യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
പുടിനും അതില്‍ നിന്ന് ലാഭം കൊയ്യുന്നവര്‍ക്കും മാത്രമാണ് ഈ യുദ്ധത്തില്‍ താത്പര്യമുള്ളതെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.
റഷ്യക്ക് മേല്‍ കൂടുതല്‍ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്തണമെന്നും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയണമെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലാണെങ്കിലും, തടവുകാരുടെ കൈമാറ്റത്തില്‍ പുരോഗതിയുണ്ടായതായി സെലെന്‍സ്‌കി അറിയിച്ചു.
ഏറ്റവും പുതിയ കൈമാറ്റത്തിലൂടെ 186 ഉക്രേനിയന്‍ സൈനികര്‍ മോചിപ്പിക്കപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി. മരിയുപോള്‍, ഖാര്‍കീവ്, ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് തുടങ്ങിയ മേഖലകളില്‍ നിന്ന് പിടിക്കപ്പെട്ട സൈനികരെയാണ് ഇപ്പോള്‍ മോചിപ്പിച്ചത്.