യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പുടിന് സാധിച്ചില്ല; സമാധാനത്തിനായി ഉക്രൈന്‍ എന്തും ചെയ്യും: സെലന്‍സ്‌കി
Russia-Ukraine War
യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പുടിന് സാധിച്ചില്ല; സമാധാനത്തിനായി ഉക്രൈന്‍ എന്തും ചെയ്യും: സെലന്‍സ്‌കി
അനിത സി
Tuesday, 24th February 2026, 1:58 pm

കീവ്: ഉക്രൈനെതിരെ അധിനിവേശം നടത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി.

ഉക്രൈന്‍ പിടിച്ചെടുക്കാനായാണ് യുദ്ധം ആരംഭിച്ചത്. എന്നാല്‍ അതിനും മറ്റ് യുദ്ധ ലക്ഷ്യങ്ങള്‍ നേടാനും പുടിന് സാധിച്ചില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.

റഷ്യയുടെ പൂര്‍ണരീതിയിലുള്ള അധിനിവേശം നാലാം വര്‍ഷം പിന്നിടുമ്പോള്‍ സമാധാനം കൈവരിക്കാനായി ഉക്രൈന് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും സെലന്‍സ്‌കി പറഞ്ഞു.

‘പുടിന്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ല. അദ്ദേഹത്തിന് ഉക്രേനിയക്കാരെ തകര്‍ക്കാനായില്ല. ഈ യുദ്ധത്തില്‍ വിജയിക്കാനുമായില്ല. ഞങ്ങള്‍ ഉക്രൈനെ സംരക്ഷിച്ചു. സമാധാനം കൈവരിക്കാനും നീതിക്ക് വേണ്ടിയും ഞങ്ങള്‍ എന്തും ചെയ്യും,’ സെലന്‍സ്‌കി പറഞ്ഞു.

യുദ്ധം ആരംഭിച്ച് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തില്‍ 55000 ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും സെലന്‍സ്‌കി പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം ഉക്രൈന്‍ പൗരന്മാര്‍ക്ക് യുദ്ധത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉക്രൈനില്‍ ആകെ സംഭവിച്ച നഷ്ടം 195 ബില്യണ്‍ ഡോളറിന്റെയാണെന്ന് ലോകബാങ്ക്, ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ കമ്മീഷന്‍, ഉക്രൈന്‍ സര്‍ക്കാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി.

റഷ്യയുടെ ഊര്‍ജ മേഖലയ്ക്കും ഉക്രൈന്റെ തിരിച്ചടിയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ ഉക്രൈനെ സാമ്പത്തികമായി സഹായിക്കാനും റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ശ്രമിച്ചെങ്കിലും ഹംഗറിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനങ്ങളെടുക്കാനായിരുന്നില്ല.

യൂറോപ്പിന്റെ ഉക്രൈനിനുള്ള പിന്തുണ അട്ടിമറിക്കാനാണ് ഹംഗറിയുടെ ശ്രമമെന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമര്‍ശിച്ചു.

Content Highlight: Putin failed to achieve war goals; Ukraine will do anything for peace: Zelensky

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.