ബ്രസല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി. ഇന്നലെ (ചൊവ്വ) ബെല്‍ജിയം കോടതി ജാമ്യാപേക്ഷ പരിഗണിച്ചുവെന്നും വാദങ്ങള്‍ക്ക് ശേഷം അപേക്ഷ തള്ളിയെന്നും ചോക്‌സിയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ അറിയിച്ചു.
കസ്റ്റഡി കൈമാറ്റം സംബന്ധിച്ച നടപടിക്കെതിരെ ചോക്സി നിയമപരമായി മുന്നോട്ടുപോകുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 12നാണ് മെഹുല്‍ ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. 2018ലും 2021ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് മെഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയത്.
സി.ബി.ഐയുടെ അപേക്ഷയിലാണ് ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് മെഹുല്‍ അന്വേഷണം നേരിടുന്നത്. വായ്പ എടുത്ത ശേഷം മെഹുല്‍ ചോക്‌സി രാജ്യം വിടുകയായിരുന്നു. ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെ മെഹുലിനെതിരെ നിലനിന്നിരുന്നു.
ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018 മുതല്‍ ചോക്സി കഴിഞ്ഞിരുന്നത്.
ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ ഇ.ഡിയും സി.ബി.ഐയും ശ്രമം വിപുലപ്പെടുത്തിയതോടെ ചോക്‌സി ദ്വീപ് വിടുകയായിരുന്നു. കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നും ക്യൂബയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
Content Highlight: Punjab National Bank fraud case: Belgian court rejects Mehul Choksi’s bail plea