2026 ഐ.പി.എല്‍ കിരീടം ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ കിരീട നേട്ടം. ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാണ് ബെംഗളൂരു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
അതേസമയം ഈ സീസണില്‍ ഏറെ ഞെട്ടിച്ചത് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിങ്സിന്റെ പതനമായിരുന്നു. സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് കിങ്സ് പിന്നീട് തകരുകയായിരുന്നു. ആദ്യ ഏഴ് മത്സരങ്ങളില്‍ പഞ്ചാബ് ആറ് ജയം സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു ശ്രേയസ് അയ്യരും സംഘവും. പ്ലേ ഓഫിലേക്ക് കടക്കാന്‍ പിന്നീടുള്ള ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമായിരുന്നു ടീമിന് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ പിന്നീടുള്ള ആറ് മത്സരങ്ങളില്‍ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു. അവസാന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തെങ്കിലും 15 പോയിന്റുമായി പഞ്ചാബ് പുറത്താവുകയായിരുന്നു.
ഈ സീസണില്‍ കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. 2026 ഫെയര്‍ പ്ലേ അവാര്‍ഡില്‍ ഒന്നാമതെത്തിയത് ശ്രേയസ് അയ്യരും സംഘവുമാണ്. കളിക്കളത്തിലെ മാതൃകാപരമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഫെയര്‍ പ്ലേ അവാര്‍ഡിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത്.
14 മത്സരങ്ങളില്‍ നിന്നും 10 ആവറേജില്‍ 140 പോയിന്റുമായാണ് പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയത്. റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സാണ് ഈ സീസണിലെ ഫെയര്‍ പ്ലേ അവാര്‍ഡില്‍ രണ്ടാമതുള്ളത്. 17 മത്സരങ്ങളില്‍ 9.94 ശരാശരിയുമായാണ് ശുഭ്മന്‍ ഗില്ലും സംഘവും രണ്ടാം സ്ഥാനത്തെത്തിയത്. കിരീടം നേടിയ ആര്‍.സി.ബി ഒമ്പതാം സ്ഥാനത്താണ്.
പഞ്ചാബ് കിങ്‌സ്
പഞ്ചാബ് കിങ്സ് രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 2009ലായിരുന്നു പഞ്ചാബ് ആദ്യമായി ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫെയര്‍ പ്ലേ അവാര്‍ഡ് നേടിയത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. ഏഴ് തവണയാണ് ചെന്നൈ ഈ നേട്ടത്തിലെത്തിയത്. നീണ്ട 19 വര്‍ഷമായിട്ടും ചാമ്പ്യന്മാരായ ബെംഗളൂരുവിന് ഒരിക്കലും ഈ ലിസ്റ്റില്‍ ഒന്നാമതെത്താന്‍ സാധിച്ചിട്ടില്ല.