ആയുധ പ്രദര്‍ശനങ്ങള്‍ക്കും പാട്ടുകള്‍ക്കും നിരോധനം, തോക്ക് ലൈസന്‍സ് പുനപരിശോധന; നിലപാട് കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍
national news
ആയുധ പ്രദര്‍ശനങ്ങള്‍ക്കും പാട്ടുകള്‍ക്കും നിരോധനം, തോക്ക് ലൈസന്‍സ് പുനപരിശോധന; നിലപാട് കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th November 2022, 5:12 pm

ചണ്ഡീഗഢ്: സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനമുന്നയിക്കുന്നതിനിടെ, ആയുധ ഉപയോഗത്തിനെതിരായ നിലപാട് കടുപ്പിച്ച് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍.

അക്രമത്തെയും ആയുധങ്ങളെയും മഹത്വവല്‍കരിക്കുന്ന പാട്ടുകളും പരസ്യ പ്രദര്‍ശനങ്ങളും പൂര്‍ണമായും നിരോധിച്ചുകൊണ്ടാണ് പഞ്ചാബ് സര്‍ക്കാര്‍ ഞായറാഴ്ച ഉത്തരവിട്ടത്.

‘സോഷ്യല്‍ മീഡിയയിലടക്കം ആയുധങ്ങള്‍ പബ്ലിക്കായി ഡിസ്‌പ്ലേ ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും’, ആയുധങ്ങളെയും അക്രമങ്ങളെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പാട്ടുകളും ഉത്തരവ് പ്രകാരം നിരോധിക്കപ്പെടും.

ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, പൊലീസ് കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ തോക്ക് ലൈസന്‍സുകളും മൂന്ന് മാസത്തിനകം പുനപരിശോധിക്കണമെന്നും പഞ്ചാബ് ആഭ്യന്തര വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.

പരിശോധനയില്‍ ഏതെങ്കിലും തോക്കിന് ലൈസന്‍സ് നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തുകയാണെങ്കില്‍ അപ്പോള്‍ തന്നെ ലൈസന്‍സ് റദ്ദാക്കാമെന്നും അസാധാരണവും അടിയന്തരവുമായ സാഹചര്യങ്ങളിലല്ലാതെ അടുത്ത മൂന്ന് മാസത്തേക്ക് പുതിയ തോക്ക് ലൈസന്‍സുകള്‍ നല്‍കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

‘ഏത് സമുദായത്തിനെതിരെയും വിദ്വേഷ പരാമര്‍ശങ്ങളും പ്രസംഗങ്ങളും നടത്തുവര്‍ക്കെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം’, ‘പൊതുയോഗങ്ങള്‍, ആരാധനാലയങ്ങള്‍, വിവാഹ ചടങ്ങുകള്‍, മറ്റ് പരിപാടികള്‍ എന്നിവയില്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണം’ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

ശിവസേനാ നേതാവ് സുധീര്‍ സൂരി (Sudhir Suri) അമൃത്‌സറില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടികളുണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഗായകന്‍ സിദ്ദു മൂസേവാല (Sidhu Moosewala), മാര്‍ച്ചില്‍ കബഡി താരം സന്ദീപ് നന്‍ഗല്‍ അംബിയല്‍ (Sandeep Nangal Ambian) എന്നിവരുടെ കൊലപാതകങ്ങളും പഞ്ചാബില്‍ ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

Content Highlight: Punjab government to ban public display of firearms and songs glorifying weapons