'പഞ്ചാബ് സര്‍ക്കാരിന്റേത് നാടകം'; കാര്‍ഷിക നിയമം മാറ്റാന്‍ സംസ്ഥാനത്തിനാകില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍
national news
'പഞ്ചാബ് സര്‍ക്കാരിന്റേത് നാടകം'; കാര്‍ഷിക നിയമം മാറ്റാന്‍ സംസ്ഥാനത്തിനാകില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 21st October 2020, 11:30 pm

ന്യൂദല്‍ഹി:  കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കേന്ദ്രത്തിന്റെ നിയമങ്ങള്‍ സംസ്ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍ കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമ നിര്‍മ്മാണം നടത്തിയാല്‍ കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുമോ എന്നും കെജ്‌രിവാള്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” രാജാ സാഹിബ്, നിങ്ങള്‍ കേന്ദ്രത്തിന്റെ നിയമങ്ങളെ ഭേദഗതി ചെയ്തിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൊണ്ടുവന്ന നിയമം മാറ്റാന്‍ സാധിക്കുമോ? ഇല്ല.

നിങ്ങള്‍ ഒരു നാടകമാണ് കളിച്ചത്. അതുവഴി ജനങ്ങളെ നിങ്ങള്‍ വിഡ്ഢികളാക്കി. നിങ്ങള്‍ പാസാക്കിയ നിയമം കൊണ്ട് കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുമോ?, ഇല്ല. കര്‍ഷകര്‍ക്ക് താങ്ങുവില ലഭ്യമാക്കുകയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ വ്യാജ നിയമങ്ങളല്ല”, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം അതിശയിപ്പിക്കുന്നതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. കര്‍ഷകരെ സംരക്ഷിക്കാന്‍ പഞ്ചാബിന്റെ മാതൃക പിന്തുടരാനും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു.


ചൊവ്വാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്ലവതരിപ്പിച്ചത്. കേന്ദ്ര നിയമത്തിനെതിരായ പ്രമേയവും നിയമഭയില്‍ പാസായിരുന്നു.

 

പഞ്ചാബിലെ പുതിയ ബില്ല് പ്രകാരം പഞ്ചാബ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പന കരാര്‍ ഉണ്ടാക്കുന്നത് കുറ്റകരമാകും.

നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ. താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കും.

ഭക്ഷ്യ ധാന്യങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയും. രണ്ടര ഏക്കര്‍വരെയുള്ള കാര്‍ഷിക ഭൂമികളുടെ ജപ്തി ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പഞ്ചാബ് മാതൃകയില്‍ രാജസ്ഥാനിലും കാര്‍ഷിക നിയമത്തിനെതിരെ ബില്ലവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ആര്‍ട്ടിക്കിള്‍ 254(2) ന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നായിരുന്നു സോണിയ പറഞ്ഞത്.

സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും വിഷയത്തില്‍ പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണത്തിന് അനുവാദം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 254(2).

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punjab government cannot change laws made by Centre: Delhi CM Arvind Kejriwal