കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബ് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാജിവെച്ചു
Farm Bills
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബ് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാജിവെച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 8:20 pm

അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബ് ബി.ജെ.പി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് കാംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ടിയുടെ പ്രാഥമിക അംഗത്വം അടക്കം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് സംസ്ഥാന പ്രസിഡന്റ് അശ്വനി ശര്‍മയ്ക്ക് മല്‍വിന്ദര്‍ കത്ത് നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും പ്രക്ഷോഭം നടത്തിവരികയാണ്.

കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് പാര്‍ടി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങളോട് തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മല്‍വിന്ദര്‍ രാജിക്കത്തില്‍ പറഞ്ഞു.

തൊഴിലാളി–കര്‍ഷക ഐക്യം വിജയിക്കട്ടെ എന്ന് എഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്. നേരത്തെ ശിരോമണി അകാലിദള്‍ തങ്ങളുടെ പ്രതിനിധിയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുകയും തുടര്‍ന്ന് എന്‍.ഡി.എ വിട്ടുപോവുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 20നാണ് മൂന്ന് ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്.

ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punjab BJP General Secratary Resign Farm Law