16 വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
Kerala News
16 വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 9:56 am

ന്യൂദല്‍ഹി: 16 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചാണ് നടക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ജസ്ജിത് സിങ് ബേദി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുഹമ്മദിയന്‍ തത്വങ്ങളിലെ 195ാമത് അനുച്ഛേദം പ്രകാരം 16 വയസ്സുള്ള പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാമെന്ന്  ജസ്റ്റിസ് ജസ്ജിത് സിങ് ബേദി കൂട്ടിച്ചേര്‍ത്തു.

വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പതിനാറുകാരിയും ഭര്‍ത്താവായ 21കാരനും നല്‍കിയ ഹരജിയിലാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിരീക്ഷണം.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ഈ മാസം എട്ടിനാണ് വിവാഹിതരായത്. ഇസ്‌ലാമിക മതാചാരപ്രകാരമായിരുന്നു വിവാഹമെങ്കിലും ഇരുകുടുംബങ്ങളും എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്നാണ് കുടുംബത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

മുസ്‌ലിം നിയമപ്രകാരം 15 വയസ്സില്‍ തന്നെ പ്രായപൂര്‍ത്തിയാകുമെന്ന് ദമ്പതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിയ്ക്കാനുള്ള അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് അധികാരമില്ലെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

Content Highlights: Punjab and Haryana High Court has ruled that girls above the age of 16 can marry whomever they want