'കപട ദേശീയവാദികളെ തിരിച്ചറിയൂ, യഥാര്‍ത്ഥ ദേശസ്‌നേഹികളെ ഭരണത്തിലേറ്റൂ'; പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി
national news
'കപട ദേശീയവാദികളെ തിരിച്ചറിയൂ, യഥാര്‍ത്ഥ ദേശസ്‌നേഹികളെ ഭരണത്തിലേറ്റൂ'; പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 7:48 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍, പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്.

കപട ദേശീയവാദികളെ തിരിച്ചറിയണം, എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ജന്തര്‍ മന്തറില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

യുവാക്കളുടെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യഥാര്‍ത്ഥ ദേശസ്‌നേഹികളായ ഒരു സര്‍ക്കാരിനെ ഭരണത്തിലേറ്റാന്‍ യുവാക്കള്‍ പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

”ജനാധിപത്യം എന്നുവെച്ചാല്‍, സത്യത്തിന്റെയും അഹിംസയുടെയും വഴിയിലൂടെ നടന്ന് ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്. ശരിയായ ദേശസ്‌നേഹം കാണിക്കുന്ന ഒരു സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ട
തുണ്ട്,” പ്രിയങ്ക പറഞ്ഞു.

അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ അക്രമത്തിലേക്ക് നീങ്ങരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു.

പ്രിയങ്കക്ക് പുറമെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ലോക്‌സഭാ എം.പി. അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ എം.പി. ദീപേന്ദര്‍ സിങ് ഹൂഡ, മുന്‍ മധ്യപ്രദേശ് എം.പി ദിഗ്വിജയ് സിങ്, സച്ചിന്‍ പൈലറ്റ് എന്നിവരും ജന്തര്‍ മന്തറിലെ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് 35 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു, യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കി എന്നാരോപിച്ച് പത്തോളം പേരെ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്.

പുതിയ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വസ്തുതാ പരിശോധനാ ലൈനും തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Content Highlight: Congress leader Priyanka Gandhi warns youth of fake nationalists, says they support the youth who protest against Agnipath