ചാമ്പ്യന്‍സ് ലീഗ്: മൂന്നാം കിരീടത്തില്‍ റെക്കോഡും തൂക്കി പി.എസ്.ജിയുടെ 'കപ്പിത്താന്‍'
Football
ചാമ്പ്യന്‍സ് ലീഗ്: മൂന്നാം കിരീടത്തില്‍ റെക്കോഡും തൂക്കി പി.എസ്.ജിയുടെ 'കപ്പിത്താന്‍'
ശ്രീരാഗ് പാറക്കല്‍
Sunday, 31st May 2026, 2:14 pm

ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തി പി.എസ്.ജി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പുസ്‌കാസ് അരീനയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 4-3 എന്ന നിലയില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പി.എസ്.ജി പരിശീലകന്‍ ലൂയിസ് എന്റിക് സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ പരിശീലകനാകുകയാണ് ലൂയിസ്. ഇത് ലൂയിസിന്റെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫിയാണ് 2024-25 സീസണിലും പി.എസ്.ജിയെ കിരീടത്തിലേക്ക് നയിച്ചത് ലൂയിസ് എന്റിക്കാണ്. 2015ല്‍ ബാഴ്‌സലോണയെ കിരീടത്തിലെത്തിക്കാനും ലൂയിസിന് സാധിച്ചു. മാത്രമല്ല പി.എസ്.ജിയുടെ ചരിത്രത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ 12 കിരീടങ്ങള്‍ ചൂടാനും പരിശീലകന് സാധിച്ചു.

അതേസമയം ഈ റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയാണ്. അഞ്ച് ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളാണ് താരത്തിന്റെ പേരിലുള്ളത്.

കാര്‍സലോ ആന്‍സലോട്ടി – 5

ബോബ് പൈസ്‌ലി – 3

സിനദിന്‍ സിദാന്‍ – 3

പെപ് ഗാര്‍ഡിയോള – 3

ലൂയിസ് എന്റിക് – 3

ആവേശം നിറഞ്ഞ മത്സരത്തില്‍ ഓരോ ഗോള്‍ നേടി സമനിലയിലെത്തിയ ശേഷമാണ് ഇരു ടീമുകളും പെനാല്‍റ്റിയിലേക്ക് കടന്നത്. ആഴ്‌സണലിന് വേണ്ടി അഞ്ചാം മിനിട്ടില്‍ കൈ ഹവേര്‍ട്ടാണ് ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജിക്ക് വേണ്ടി 64ാം മിനിട്ടില്‍ ഒസ്മാനെ ഡംബലെയാണ് സമനില ഗോള്‍ നേടിയത്.

കഴിഞ്ഞ തവണ (2024-25 സീസണില്‍) ഇന്റര്‍ മിലാനെ തോല്‍പ്പിച്ച് ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ പി.എസ്.ജി ഇത്തവണ കിരീടം നിലനിര്‍ത്തി ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

 

Content Highlight: PSG Head Coach Luis Enrique In Great Record Achievement In Champions League

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ