ഹരിയാനയിലെ ഹിന്ദുത്വ സംഘടനകളുടെ മഹാപഞ്ചായത്തിലെ പ്രകോപനപരമായ പ്രസംഗം; കേസെടുത്ത് പൊലീസ്
national news
ഹരിയാനയിലെ ഹിന്ദുത്വ സംഘടനകളുടെ മഹാപഞ്ചായത്തിലെ പ്രകോപനപരമായ പ്രസംഗം; കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 9:29 am

ചണ്ഡിഗഢ്: ഹരിയാനയില്‍ സംഘടിപ്പിച്ച സര്‍വ ഹിന്ദു സമാജ് മഹാപഞ്ചായത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ തിരിച്ചറിയാത്തവര്‍ക്കെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. ഓഗസ്റ്റ് 13ന് പോണ്ട്രി ഗ്രാമത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രൊബേഷണര്‍ സബ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 153 എ (വ്യത്യസ്ത വിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തുക), 505 (പൊതു ദ്രോഹം നടത്തുന്ന പ്രസ്താവനകള്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഹതിന്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.

പ്രസംഗിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ മനോജ് കുമാര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘മഹാപഞ്ചായത്തിന്റെ വീഡിയോയും ദൃശ്യങ്ങളും ഇവ പങ്കുവെച്ച സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു. ഇതില്‍ കുറ്റകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. പേരും വിലാസവും ലഭിച്ച് കഴിഞ്ഞാല്‍ നടപടിയെടുക്കും,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ജൂലൈയിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് തടസപ്പെട്ട വി.എച്ച്.പിയുടെ ബ്രജ് മണ്ഡല്‍ യാത്ര ഓഗസ്റ്റ് 28ന് നൂഹില്‍ പുനരാരംഭിക്കാന്‍ മഹാപഞ്ചായത്തില്‍ തീരുമാനിച്ചിട്ടുണ്ട്. വി.എച്ച്.പി യാത്രയ്‌ക്കെതിരെ നടന്ന അക്രമത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നും നൂഹിനെ ഗോവധ രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്നും മഹാപഞ്ചായത്തില്‍ പറഞ്ഞിരുന്നു.

നൂഹില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സമീപ ജില്ലയായ പല്‍വലിലാണ് യോഗം ചേര്‍ന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തില്ലെന്ന ഉറപ്പിലായിരുന്നു യോഗത്തിന് അനുമതി നല്‍കിയത്. എന്നാല്‍ ഗോ രക്ഷക് ദളിന്റെ നേതാവ് ആചാര്യ അസദ് ശാസ്ത്രി ആയുധമെടുക്കാനുള്ള ആഹ്വാനം യോഗത്തിനിടെ നടത്തി.

മഹാപഞ്ചായത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കിയിരുന്നു. നൂഹില്‍ അര്‍ധസൈനിക വിഭാഗത്തെ സ്ഥിരമായി വിന്യസിക്കണമെന്നും കൊല്ലപ്പെട്ട ഹിന്ദു വിഭാഗത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

മുസ്‌ലിം ആധിപത്യമുള്ള ജില്ലയായ നൂഹിലെ ഹിന്ദുക്കള്‍ക്ക് സ്വയം പ്രതിരോധത്തിനായി ആയുധ ലൈസന്‍സ് നേടുന്നതിന് ഇളവ് നല്‍കണമെന്ന് ചില ഹിന്ദു നേതാക്കളും പ്രസംഗിച്ചിരുന്നു.

നൂഹില്‍ ജൂലൈ അവസാനം നടന്ന കലാപത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമുമടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്.

content highlights: Provocative speech in Maha Panchayat by Hindutva organizations in Haryana; Police registered a case