ലോസ് ആഞ്ചലസില്‍ പ്രതിഷേധം ശക്തമാവുന്നു; മറൈന്‍ കോര്‍പ്‌സിനെ വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി
World News
ലോസ് ആഞ്ചലസില്‍ പ്രതിഷേധം ശക്തമാവുന്നു; മറൈന്‍ കോര്‍പ്‌സിനെ വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th June 2025, 5:24 pm

വാഷിങ്ടണ്‍: കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ പ്രതിഷേധം ശക്തമാവുന്നു. ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ ലോസ് ആഞ്ചല്‍സിലേക്ക് ക്യാമ്പ് പെന്‍ഡില്‍ട്ടണിലെ മറൈന്‍ കോര്‍പ്‌സിനെ വിന്യസിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.

പ്രതിഷേധക്കാരും ഫെഡറല്‍ ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രൂക്ഷമായതോടെയാണ് ഹെഗ്സെത്തിന്റെ സൈനിക ഭീഷണി വന്നത്.

വെള്ളിയാഴ്ച ആരംഭിച്ച യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ) റെയ്ഡുകള്‍ ആരംഭിച്ചതോടെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം ഉടലെടുത്തത്. പ്രതിഷേധക്കാരില്‍ നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഫെഡറല്‍ കമാന്‍ഡിന് കീഴില്‍ കുറഞ്ഞത് 2,000 നാഷണല്‍ ഗാര്‍ഡ് സൈനികരെ ലോസ് ഏഞ്ചല്‍സിലേക്ക് വിന്യസിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ (ശനിയാഴ്ച) ഉത്തരവിട്ടിരുന്നു. അതേസമയം കാലിഫോര്‍ണിയ ഗവര്‍ണറായ ഗവിന്‍ ന്യൂസോമുമായി കൂടിയാലോചിക്കാതെയാണ് ഈ നീക്കമെന്നും വിമര്‍ശനമുണ്ട്. ഡെമോക്രാറ്റിക് ഗവര്‍ണറാണ്‌ ന്യൂസോം.

സംസ്ഥാന ഗവര്‍ണര്‍മാരുമായി കൂടിയാലോചിച്ചാണ് സാധാരണയായി ഈ നീക്കം നടത്താറുള്ളതെന്നും എന്നാല്‍ ഇത് പരിഗണിക്കാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്ന് ഗവര്‍ണര്‍ ന്യൂസോം പറഞ്ഞു.

മറൈന്‍ കോര്‍പ്‌സിനെ നിയമിക്കുമെന്ന ഹെഗസത്തിന്റെ തീരുമാനത്തേയും നൂസോം വിമര്‍ശിച്ചു.

‘പ്രതിരോധ സെക്രട്ടറി ഇപ്പോള്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ മറൈന്‍ കോര്‍പ്‌സിനെ വിന്യസിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇത് വിഡ്ഢിത്തമാണ്,’ ന്യൂസോം പറഞ്ഞു. കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടി വേഗത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടികള്‍.

Content Highlight: Protest in Los Angeles against immigration raid; Pete Hegseth warns about marine deployment