സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദിനു പരിപാടിയില്‍ സംസാരിക്കുന്നു
കോഴിക്കോട്: ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനും സദാചാര പോലീസിങ്ങിനുമെതിരെ കോഴിക്കോട് മാനാഞ്ചിറയില്‍ പ്രതിഷേധക്കൂട്ടായ്മ നടന്നു. “ടോട്ടോചാനും കൊബായാഷി മാഷും” എന്ന പേരിലാണ് പ്രതിഷേധ സംഗമം നടന്നത്. 200ഓളം പേര്‍ പങ്കെടുത്ത പരിപാടി വി.പി.സുഹറ ഉദ്ഘാടനം ചെയ്തു. പി.ഗീത, കെ.അജിത, സുല്‍ഫത്ത്, സുബ്രഹ്മണ്യന്‍, ദിവ്യാ ദിവാകരന്‍, രാഹുല്‍ തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തകരും, വിവിധ ക്യാംപസുകളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടികളോടൊപ്പമിരുന്നതിന് കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദിനു കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.
വിഖ്യാത നോവലായ ടോട്ടോചാനിലെ കഥാപാത്രങ്ങളായ ടോട്ടോചാന്‍, കൊബായാഷി മാഷ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രതിഷേധസമരം ആരംഭിച്ചു. സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്നിരുന്ന് പാട്ടുപാടിയും, നാടകം അവതരിപ്പിച്ചും പ്രതിഷേധിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഒരേ സ്റ്റേജില്‍ നാടകം അവതരിപ്പിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്ന കോളജ്, സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് പ്രതിഷേധക്കൂട്ടായ്മ വിലയിരുത്തി.
ഇതിനെതിരെ പ്രതികരിക്കാത്ത സര്‍ക്കാര്‍ അലംഭവം കാട്ടുകയാണെന്നും കൂട്ടായ്മ കുറ്റപ്പെടുത്തുകയും, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദിനുവിനെ നിരുപാധികം തിരിച്ചെടുക്കണമെന്ന് മാനേജ്‌മെന്റിന് താക്കീതു നല്‍കുകയും ചെയതു.
കോളജിലെ ലിംഗവിവേചനത്തെയും, തനിക്ക് അധികൃതരില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെയും പറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയായ സുനൈന വിശദമായി സംസാരിച്ചു. കോളജിലെ ഇത്തരം വിവേചനങ്ങള്‍ സര്‍ഗ്ഗാത്മകമായി ഉയര്‍ന്നുവരാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിലങ്ങുതടിയാണെന്ന് സുനൈന അഭിപ്രായപ്പെട്ടു.
ലിംഗവിവേചനവും മനുഷ്യാവാകാശ ലംഘനവും തുടരുന്നപക്ഷം സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കൂട്ടായ്മയില്‍ ധരണയായി.വീഡിയോ കാണാം:
