ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുഴുവന്‍ അംബേദ്കര്‍ പ്രതിമകള്‍ക്ക് ചുറ്റും സംരക്ഷണ ഭിത്തി പണിയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തുടര്‍ച്ചയായി അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ശ്രമമെന്ന് യോഗി ശനിയാഴ്ച പ്രഖ്യാപിച്ചു.
ലഖ്‌നൗവില്‍ സംഘടിപ്പിച്ച ഡോ. ഭീം റാവു അംബേദ്കറുടെ ഓര്‍മദിനമായ മഹാപരിനിര്‍വാണ്‍ ദിവസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു യോഗിയുടെ പ്രഖ്യാപനം.
അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളും തടയും അദ്ദേഹത്തിന്റെ പൈതൃകം അന്തസോടെ സംരക്ഷിക്കപ്പെടുമെന്നും യോഗി പറഞ്ഞു.
അതേസമയം, തുടര്‍ച്ചയായി യു.പിയില്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ദളിത് വിഭാഗക്കാരെ ആക്രമിക്കുകയും അംബേദ്കര്‍ പ്രതിമകള്‍ തകര്‍ക്കുകയും ചെയ്തിട്ടും നടപടിയെടുക്കാത്ത യോഗിയുടെ അംബേദ്കര്‍ ഓര്‍മദിനത്തിലെ പ്രസംഗം വരും ദിനങ്ങളിലും വിമര്‍ശനത്തിന് വിധേയമാകുമെന്ന് ഉറപ്പാണ്.
യോഗി ഭരണത്തിലേറിയതിന് ശേഷം യു.പിയില്‍ നിരവധി ദളിത് പീഡന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. രാജ്യമെമ്പാടും പ്രതിഷേധം അരങ്ങേറിയ ഹഥ്രാസ് കേസുള്‍പ്പെടെയുള്ള ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ യോഗി സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും ദളിത് യുവാക്കള്‍ക്ക് നേരെയുള്ള മേല്‍ജാതിക്കാരുടെ ആക്രമണങ്ങളും യോഗി സര്‍ക്കാരിനെ നിരവധി തവണ പ്രതിരോധത്തിലാക്കിയിരുന്നു.
Content Highlight: Protective walls will be built for all Ambedkar statues in UP: Yogi Adityanath