അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദില്‍ നഗരം മോടിപിടിപ്പിക്കുന്നതിന്റെയും 2030 കോണ്‍വെല്‍ത്ത് ഗേയിംസിന് വേദിയൊരുക്കുന്നതിന്റെയും പേരില്‍ സാധാരണക്കാരുടെ വീടുകള്‍ ഇടിച്ചുനിരത്തി അധികൃതര്‍.
നരേന്ദ്ര മോദി സ്റ്റേഡിയത്തിന് സമീപമുള്ള മോട്ടേരയിലെ ശിവനഗറിലുള്ള 37 വീടുകളാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (എ.എം.സി) ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
എന്നാല്‍, 45,000 ചതുരശ്ര മീറ്റര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തെ തൊടാതെയാണ് അധികൃതരുടെ പൊളിച്ചുമാറ്റല്‍ നടപടികളെന്നതും ശ്രദ്ധേയമാണ്.
വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റൈ ആശ്രമം കൈയടക്കിയ 45,000 ചതുരശ്ര മീറ്റര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വന്‍കിട കൈയേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ആള്‍ദൈവത്തിന്റെ നിയമലംഘനത്തിന് നേരെ കണ്ണടയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ കിടപ്പാടമില്ലാതെ തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുകയാണ്. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ ബലത്തിലാണ് അധികൃതര്‍ വീടുകള്‍ പൊളിച്ചുനീക്കിയത്.
ആശാറാം ബാപ്പുവിനെ പോലുള്ള വമ്പന്‍ സ്രാവുകളോട് മൃദുസമീപനവും സാധാരണക്കാരോട് ക്രൂരതയും കാട്ടുന്ന ഭരണകൂടത്തിന്റെ ഇരട്ടനീതിക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
ശനിയാഴ്ച വന്‍ പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെത്തിയത്. വീടുകള്‍ പൊളിക്കുന്നതിനിടെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം അണപൊട്ടിയൊഴുകി.
നടപടി തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ ഫിനൈല്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും, മറ്റൊരു സ്ത്രീ സ്വയം തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകാനൊരുങ്ങുന്ന നഗരത്തിന്റെ ഭാഗമായുള്ള നവീകരണത്തിനാണ് ഈ കുടിയൊഴിപ്പിക്കല്‍ എന്നാണ് ഔദ്യോഗിക വിശദീകരണം.
വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് ലഭിക്കുന്നത് വരെ പ്രതിമാസം 10,000 രൂപ വാടക സഹായം നല്‍കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഇത് ഒന്നിനും തികയില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
പുതിയ അധ്യയനവര്‍ഷം ആരംഭിച്ച് സ്‌കൂളുകള്‍ തുറക്കുകയും കാലവര്‍ഷം തൊട്ടുമുന്നിലെത്തി നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ തങ്ങള്‍ മക്കളെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന് നിസ്സഹായരായ കുടുംബങ്ങള്‍ ചോദിക്കുന്നു.
ആഡംബര സ്റ്റേഡിയത്തിന് സമീപമുള്ള സാധാരണക്കാരുടെ ജീവിതങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുമ്പോഴും വന്‍കിട കൈയേറ്റങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ വിവേചനപരമായ നിലപാടാണ് വെളിപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Content Highlight: Protection for encroachment by godman Asaram Bapu; Bulldozers against ordinary people; Government’s double standard in Gujarat