പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്ത സംഭവം നുപുര്‍ ശര്‍മ കേസിന്റെ തുടര്‍ക്കഥ: അസദുദ്ദീന്‍ ഒവൈസി
national news
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്ത സംഭവം നുപുര്‍ ശര്‍മ കേസിന്റെ തുടര്‍ക്കഥ: അസദുദ്ദീന്‍ ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 3:28 pm

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രവാചക നിന്ദ നടത്തിയതിന് ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം മേധാവി അസുദ്ദീന്‍ ഒവൈസി.
സംഭവം നുപുര്‍ ശര്‍മ കേസിന്റെ തുടര്‍ക്കഥയാണെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.

പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് തെലങ്കാന ബി.ജെ.പി എം.എല്‍.എയായ രാജ സിങ്ങാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാജ സിങ്ങിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

വിവാദ പരാമര്‍ശത്തിലൂടെ രാജ സിങ് മതവികാരം വ്രണപ്പെടുത്തിയെന്നും ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ബഷീര്‍ ഭാഗിലെ കമ്മീഷണര്‍ ഓഫീസിന് മുമ്പിലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

നേരത്തെ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടി തടയണമെന്ന ആഹ്വാനവുമായി രാജാ സിങ് രംഗത്തെത്തിയത് വിവാദമായിരുന്നു. മുനവ്വര്‍ ഫാറൂഖി ഹൈദരാബാദില്‍ നടത്താനിരുന്ന പരിപാടിക്കെതിരെയായിരുന്നു രാജയുടെ പരാമര്‍ശം.

പരിപാടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പരിപാടി നടക്കുന്ന വേദി കത്തിക്കുമെന്നുമായിരുന്നു രാജയുടെ പരാമര്‍ശം. ഹിന്ദു ദൈവങ്ങളെ കളിയാക്കിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നാരോപിച്ചായിരുന്നു രാജ ഫാറൂഖിയെ മര്‍ദിക്കുമെന്ന ഭീഷണിയുമായി എത്തിയത്. ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും രാജ ആരോപിച്ചു.

മുനവ്വര്‍ ഫാറൂഖിക്കും അവരുടെ മാതാവിനെതിരേയും രാജ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതേ വീഡിയോയില്‍ തന്നെ പ്രവാചകനെതിരേയും രാജ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു.

മുന്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയും ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെതിരെ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ രാജ്യത്തുടനീളം നടന്നിരുന്നു.

മെയ് 28നായിരുന്നു ഗ്യാന്‍വാപി വിഷയത്തില്‍ ടൈംസ് നൗ ചാനലില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നുപുര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുകയായിരുന്നു. മുസ്‌ലിങ്ങള്‍
ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.

നുപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് 22കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നു.
അഹമ്മദ് നഗര്‍ സ്വദേശിയായ സണ്ണി രാജേന്ദ്ര പവാര്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വടിവാള്‍ ഉള്‍പ്പെടെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.

അഹമ്മദ്‌നഗര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റര്‍ അകലെ കര്‍ജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് അക്രമണം നടന്നത്. സംഘം ചേര്‍ന്നെത്തിയ 14 പേര്‍ വാള്‍, വടി, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കല്‍ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

Content Highlight: prophet row in hyderabad is a continuation of nupur sharma case says asaduddin owaisi