മാമാങ്കത്തിന്റെ സമയത്ത് മമ്മൂക്കയുടെ ഡെഡിക്കേഷനും പെരുമാറ്റവും എന്നെ അത്ഭുതപ്പെടുത്തി, എല്ലാ ആര്‍ട്ടിസ്റ്റും അതുപോലെയല്ല: വേണു കുന്നപ്പിള്ളി
എം. പത്മകുമാര്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാമാങ്കം. മമ്മൂട്ടി നായകനായ ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. വേണു കുന്നപ്പള്ളിയായിരുന്നു ചിത്രം നിര്‍മിച്ചത്. വേണുവിന്റെ ആദ്യ നിര്‍മാണ സംരംഭമായിരുന്നു മാമാങ്കം. ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വേണു കുന്നപ്പള്ളി.
എറണാകുളത്തെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടതെന്നും ആ ദിവസം തനിക്ക് മറക്കാന്‍ കഴിയാത്തതാണെന്നും വേണു പറഞ്ഞു. തന്നെ അടുത്ത് വിളിച്ചിരുത്തി എല്ലാ വിവരങ്ങളും ചോദിച്ചെന്നും തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നെന്നും വേണു കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തെപ്പോലെ ഒരു വലിയ നടന് അതൊന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ അദ്ദേഹത്തെപ്പോലെയല്ലെന്നും വേണു പറഞ്ഞു. മുമ്പ് പലപ്പോഴും എയര്‍പോര്‍ട്ടിലും മറ്റ് പല സ്ഥലത്ത് വെച്ചും മമ്മൂട്ടിയെ കണ്ടിട്ടുണ്ടെന്നും അന്നൊക്കെ അദ്ദേഹത്തോട് സംസാരിക്കാന്‍ മടിയായിരുന്നെന്നും വേണു കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മാമാങ്കത്തിന്റെ ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്തത് നോമ്പിന്റെ സമയത്തായിരുന്നുവെന്ന് വേണു പറഞ്ഞു. പകല്‍ മുഴുവന്‍ നോമ്പെടുത്ത ശേഷം രാത്രി അതിന്റെ ക്ഷീണമെല്ലാം കാണിക്കാതെ അദ്ദേഹം ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുമായിരുന്നെന്നും വേണു കൂട്ടിച്ചേര്‍ത്തു. അത്രയും ഡെഡിക്കേഷനെല്ലാം മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ കാണിച്ചത് തനിക്ക് പുതിയൊരു കാര്യമായിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വേണു കുന്നപ്പള്ളി.
‘മാമാങ്കത്തിന്റെ കാര്യം സംസാരിക്കാന്‍ വേണ്ടി മമ്മൂക്കയെ ആദ്യം കണ്ടത് ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചായിരുന്നു. അവിടെ ഞാന്‍ എത്തിയപ്പോള്‍ മമ്മൂക്ക വന്നു. ഞങ്ങള്‍ ഇരുന്ന് കുറേനേരം സംസാരിച്ചു. അദ്ദേഹം എന്റെ ഫാമിലിയെപ്പറ്റിയും ബിസിനസിനെപ്പറ്റിയുമൊക്കെ ചോദിച്ചു. അതൊക്കെ എനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു വലിയ നടന് അതൊന്നും ചോദിക്കേണ്ട ആവശ്യമില്ല.
മുമ്പ് പലപ്പോഴും ആള്‍ക്കൂട്ടത്തിനിടക്ക് വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിലും അടുത്ത് പോയി സംസാരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെ മമ്മൂക്കയുമായി നല്ലൊരു ബന്ധം അന്ന് ഉടലെടുത്തു. അതുപോലെ മാമാങ്കത്തിന്റെ ഷൂട്ടിന്റെ സമയത്ത് മമ്മൂക്ക നോമ്പെടുക്കുകയായിരുന്നു. പകല്‍ മുഴുവന്‍ നോമ്പെടുത്ത് അതിന്റെ ക്ഷീണവും കൊണ്ട് അദ്ദേഹം രാത്രി ഫൈറ്റൊക്കെ ഷൂട്ട് ചെയ്യും. ആ ഡെഡിക്കേഷനും എന്നെ അത്ഭുതപ്പെടുത്തി,’ വേണു കുന്നപ്പിള്ളി പറഞ്ഞു.
Content Highlight: Producer Venu Kunnappilly shares the experience with Mammootty during Mamangam movie