സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം, എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു: സിയാദ് കോക്കര്‍
Film News
സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം, എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു: സിയാദ് കോക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 11:25 pm

മോശമായി പെരുമാറിയെന്നാരോപിച്ച് അവതാരക പരാതി നല്‍കിയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമെന്നും എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റുവെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

‘ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മാതാക്കളില്‍ ആരും തന്നെ റിട്ടണ്‍ പരാതികള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഞങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണിത്. ഇത്രയും ഗട്ട്‌സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നതെന്ന് തോന്നി പോവും. നമ്മള്‍ക്ക് പരാതി നല്‍കിയാല്‍ ഇനി പടം നിന്നുപോവുമോ ഇവന്‍ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം. എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല.

രണ്ടാമത്തെ കാര്യം, ഇതൊക്കെ ഒരു അബ്‌നോര്‍മാലിറ്റിയാണ്. എന്റെ അഭിപ്രായം പറയുകയാണെങ്കില്‍ ഈ സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം. എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു. എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ.

തീര്‍ച്ചയായിട്ടും അത് പ്രൂവ് ചെയ്യാനുള്ള മെറ്റീരിയല്‍ വേണ്ടേ. ആ മെറ്റീരിയല്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണുണ്ടാവേണ്ടത്. അവന്റെ ബ്ലഡ് ചെക്ക് ചെയ്താല്‍ അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍, എങ്ങനെയാണ് അതിന്റെ ടെക്‌നിക്ക് എന്ന് അറിയില്ല. ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം.’ സിയാദ് കോക്കര്‍ പറഞ്ഞു.

ശ്രീനാഥ് ഭാസിക്കെതിരെ സെപ്റ്റംബര്‍ 22നാണ് അവതാരക പരാതി നല്‍കിയത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറിയെന്നാണ് പരാതിക്കാരി പറയുന്നത്.

അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറിയെന്നാണ് പരാതിക്കാരി പറയുന്നത്.

മൂന്ന് ക്യാമറകളും ഓഫാക്കിയ ശേഷം നടന്‍ തെറി വിളി തുടങ്ങിയതെന്നും ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നുമാണ് ഇവര്‍ പറയുന്നത്. ഇതൊരു ഫണ്‍ ഇന്റര്‍വ്യു ആണെന്ന് അഭിമുഖത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീനാഥ് ഭാസിയോട് പറഞ്ഞെങ്കിലും അയാളോടും ഭാസി മോശമായി പെരുമാറിയെന്നും അവതാരക പറയുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.

Content Highlight: Producer Siyad cockar criticizes Sreenath Bhasi