25 വര്‍ഷത്തെ സമ്പാദ്യം മൊത്തം ചെലവാക്കിയെടുത്ത സിനിമ, പരാജയമായപ്പോള്‍ ആശ്വസിപ്പിക്കാന്‍ പോലും വിജയ് വിളിച്ചില്ല: നിര്‍മാതാവ് സെല്‍വകുമാര്‍
Indian Cinema
25 വര്‍ഷത്തെ സമ്പാദ്യം മൊത്തം ചെലവാക്കിയെടുത്ത സിനിമ, പരാജയമായപ്പോള്‍ ആശ്വസിപ്പിക്കാന്‍ പോലും വിജയ് വിളിച്ചില്ല: നിര്‍മാതാവ് സെല്‍വകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 9:57 pm

തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് വിജയ്. പഴയകാലസംവിധായകന്‍ എസ്.എ. ചന്ദ്രശേഖറിന്റെ മകനാണ് ഇദ്ദേഹം. ആദ്യകാലത്തില്‍ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും പിന്നീട് തമിഴ് സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത നടനായി വിജയ് മാറി. ഇന്ന് ഇന്‍ഡസട്രിയിലെ ഏറ്റവും മൂല്യമുള്ള താരമാണ് അദ്ദേഹം.

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം വിജയ്ക്ക് ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച ചിത്രമായിരുന്നു തുപ്പാക്കി. ഈ ചിത്രത്തിന് ശേഷം വിജയ്‌യുടെ കരിയര്‍ വലിയരീതിയില്‍ ഉയര്‍ന്നു. എന്നാല്‍ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് തുപ്പാക്കിക്ക് ശേഷം സംഭവിച്ചു. ചിമ്പുദേവന്‍ സംവിധാനം ചെയ്ത പുലി നിര്‍മാതാവിനും വിതരണക്കാരനും ഒരുപോലെ നഷ്ടമുണ്ടാക്കി.

ഫാന്റസി അഡ്വഞ്ചര്‍ ഴോണറില്‍ ഒരുങ്ങിയ പുലി ആദ്യ ഷോയ്ക്ക് പിന്നാലെ ബോക്‌സ് ഓഫീസില്‍ തകരുകയായിരുന്നു. മോശം ഗ്രാഫിക്‌സും കെട്ടുറപ്പില്ലാത്ത തിരക്കഥയുമായിരുന്നു പുലിക്ക് വില്ലനായത്. ഇന്നും ട്രോള്‍ പേജുകളില്‍ പുലി ട്രോള്‍ മെറ്റീരിയലാണ്. ഇപ്പോഴിതാ പുലിയുടെ പരാജയത്തിന് ശേഷം വിജയ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് നിര്‍മാതാക്കളിലൊരാളായ പി.ടി. സെല്‍വകുമാര്‍.

‘അവര്‍ക്കൊക്കെ ഒരു സിനിമ ഓടിയാലും ഇല്ലെങ്കിലും എന്താ? പൈസ കിട്ടിയാല്‍ മാത്രം പോരെ. അതിന് പിന്നില്‍ കഷ്ടപ്പെടുന്നവരെക്കുറിച്ച് എന്തിനാണ് ഓര്‍ക്കേണ്ടത്. ഒരു പി.ആര്‍.ഓ ആയി സിനിമാജീവിതം തുടങ്ങിയ ഞാന്‍ എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ ചെയ്തതെന്ന് ആര്‍ക്കും അറിയേണ്ട കാര്യമില്ല. നല്ലൊരു സിനിമ ചെയ്ത് ജീവിതത്തില്‍ മുന്നോട്ട് കുതിക്കണമെന്ന് മാത്രമേ ആഗ്രഹിക്കാറുള്ളൂ.

എന്റെ കുടുംബവും കുട്ടികളുമെല്ലാം നല്ല നിലയിലെത്തണമെന്നൊക്കെ എത്ര സ്വപ്‌നങ്ങളാണ് കണ്ടത്. എന്റെ ജീവിതത്തിലെ 25 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ഞാന്‍ ആ ഒരൊറ്റ സിനിമക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. ആ ഒരൊറ്റ സിനിമയോടെ തന്നെ എന്റെ സ്വപ്‌നങ്ങളെല്ലാം നഷ്ടമായി. എല്ലാം തകര്‍ന്ന് തരിപ്പണമായി. എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു.

ഞാന്‍ എന്താ സിനിമാ ഫീല്‍ഡിലുള്ള വമ്പന്മാരുടെ മകനോ, വലിയ സ്വത്തും സുഖവുമൊക്കെയുള്ള കുടുംബത്തിലെ അംഗമോ മറ്റോ ആണോ? സാധാരണക്കാരനാണ് ഞാന്‍. ഓരോ ചില്ലിക്കാശും കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അതെല്ലാം നഷ്ടമായി. റിലീസിന്റെ അന്ന് രാവിലെ ഇന്‍കം ടാക്‌സിന്റെ മുന്നില്‍ നിസ്സഹായനായി നിന്നു. പടം റിലീസാകില്ലെന്ന് പറഞ്ഞ് വാര്‍ത്തകളൊക്കെ പുറത്തുവിന്നു. അന്ന് മുതല്‍ ഇന്ന് വരെ ആശ്വസിപ്പിക്കാനായി ഒരു ഫോണ്‍ പോലും വിജയ് എന്നെ വിളിച്ചിട്ടില്ല,’ സെല്‍വകുമാര്‍ പറയുന്നു.

Content Highlight: Producer saying Vijay didn’t contacted him after the failure of Puli movie