ആ മൂന്ന് സിനിമയില്‍ അഭിനയിച്ചതിന് ടൊവിനോയ്ക്ക് ലക്ഷങ്ങള്‍ ബാക്കി കിട്ടാനുണ്ട്, അയാള്‍ ഇതുവരെ അത് ചോദിച്ചിട്ടില്ല: സന്തോഷ് ടി. കുരുവിള
Entertainment
ആ മൂന്ന് സിനിമയില്‍ അഭിനയിച്ചതിന് ടൊവിനോയ്ക്ക് ലക്ഷങ്ങള്‍ ബാക്കി കിട്ടാനുണ്ട്, അയാള്‍ ഇതുവരെ അത് ചോദിച്ചിട്ടില്ല: സന്തോഷ് ടി. കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st March 2025, 4:23 pm

മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് സന്തോഷ് ടി. കുരുവിള. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായാണ് സന്തോഷ് ടി. കുരുവിള സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുകയും ചില ചിത്രങ്ങളുടെ നിര്‍മാണ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ടൊവിനോയെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി. കുരുവിള. നാരദന്‍ എന്ന ചിത്രത്തില്‍ താനും നിര്‍മാണ പങ്കാളിയായിരുന്നെന്നും ആ സിനിമയില്‍ ടൊവിനോയുടെ പ്രതിഫലത്തില്‍ 30 ലക്ഷം ബാക്കി കൊടുക്കാനുണ്ടെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. എന്നാല്‍ ഇതുവരെ ടൊവിനോ ആ തുക തിരികെ ചോദിച്ചിട്ടില്ലെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു.

നീലവെളിച്ചം എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ താന്‍ നിര്‍മാണത്തില്‍ ഉണ്ടായിരുന്നെന്നും പിന്നീട് താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും സന്തോഷ് കുരുവിള പറഞ്ഞു. ആ സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെന്നും അതിന്റെ പ്രതിഫലത്തില്‍ 40 ലക്ഷത്തോളം ബാക്കി കൊടുക്കാനുണ്ടെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു. ആ തുകയും ഇതുവരെ അയാള്‍ ചോദിച്ചിട്ടില്ലെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.

നടികര്‍ എന്ന ചിത്രത്തില്‍ അയാളുടെ പ്രതിഫലത്തിന്റെ പകുതിയിലധികം കിട്ടാന്‍ ബാക്കിയുണ്ടെന്നും ഐഡന്റിറ്റി എന്ന സിനിമയുടെ കാര്യവും അതുപോലെയാണെന്നും സന്തോഷ് കുരുവിള പറയുന്നു. ഐഡന്റിറ്റിയിലെ പ്രതിഫലം അയാള്‍ വേണ്ടെന്ന് വെച്ചെന്നും ഇതെല്ലാം തനിക്ക് അറിയാന്‍ കാരണം ടൊവിനോ തന്റെ അനിയനെപ്പോലെയായതുകൊണ്ടാണെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.

നമ്മള്‍ എങ്ങനെ അവരോട് ഡീല്‍ ചെയ്യുന്നു എന്നതിനനുസരിച്ച് അവര്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാണെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള.

‘നാരദന്‍ എന്ന സിനിമ മുതലാണ് ഞാന്‍ ടൊവിനോയുമായി കമ്പനിയായത്. അയാള്‍ പല സിനിമകള്‍ക്ക് വേണ്ടിയും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. നാരദന്‍ എന്ന പടത്തിന്റെ പ്രതിഫലത്തില്‍ 30 ലക്ഷം രൂപയ്ക്കടുത്ത് അയാള്‍ക്ക് കൊടുക്കാന്‍ ബാക്കിയുണ്ട്. അതുപോലെ നീലവെളിച്ചത്തിലും പൈസ ബാക്കിയുണ്ട്.

ആ പടത്തിന്റെ നിര്‍മാതാവ് ഞാനല്ല, പക്ഷേ അതിന്റെ തുടക്കം മുതല്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. പത്ത് നാല്പത് ലക്ഷമെങ്ങാണ്ട് ബാക്കിയുണ്ട്. നടികര്‍ എന്ന പടത്തില്‍ അയാളുടെ പ്രതിഫലത്തിന്റെ പകുതിയിലധികം കൊടുക്കാന്‍ ബാക്കിയുണ്ട്. ഐഡന്റിറ്റിയിലും പൈസ ബാക്കി കിട്ടാനുണ്ട്.

എന്നാല്‍ അയാള്‍ അത് വേണ്ടെന്ന് വെച്ചു. ഇതെല്ലാം എനിക്ക് അറിയാന്‍ കാരണം ടൊവിനോയുമായിട്ട് എനിക്കുള്ള സ്‌നേഹബന്ധമാണ്. എന്റെ അനിയനെപ്പോലെയാണ് അയാള്‍. നമ്മള്‍ അവരോട് എങ്ങനെ ഡീല്‍ ചെയ്യുന്നോ അതിനനുസരിച്ച് അവര്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറായവരാണ്,’ സന്തോഷ് ടി. കുരുവിള പറയുന്നു.

Content Highlight: Producer Santhosh T Kuruvila saying Tovino didn’t ask remaining remuneration for many films