വിവാഹശേഷം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു; തിരിച്ചുവന്ന ആ നടി അസാമാന്യപ്രകടനത്തിലൂടെ അതിശയിപ്പിച്ചു: നിർമാതാവ് ഔസേപ്പച്ചന്‍
Entertainment
വിവാഹശേഷം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു; തിരിച്ചുവന്ന ആ നടി അസാമാന്യപ്രകടനത്തിലൂടെ അതിശയിപ്പിച്ചു: നിർമാതാവ് ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 6:50 pm

എണ്‍പതുകളിലും തൊണ്ണൂറുകളിലും നമ്മള്‍ കണ്ട് ആസ്വദിച്ച സിനിമകളില്‍ പലതും നിര്‍മിച്ച വ്യക്തിയാണ് ഔസേപ്പച്ചന്‍. സംവിധായകന്‍ ഫാസിലിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ അദ്ദേഹത്തിനെ കാത്തിരുന്നത് വിജയം കൈവരിച്ച ഒട്ടുമിക്ക സിനിമകളുടെയും നിര്‍മാതാവ് എന്ന വിശേഷണമായിരുന്നു.

നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, റാംജിറാവ് സ്പീക്കിങ്, സാന്ത്വനം, ഹിറ്റ്‌ലര്‍, കാരുണ്യം എന്നിങ്ങനെ ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയെക്കുറിച്ചും രേവതിയെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

തന്റെ പ്രിയപ്പെട്ട സിനിമയാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്നും സിനിമയുടെ കഥ എഴുതുന്ന സമയത്ത് തന്നെ ചിത്രത്തിലെ കഥാപാത്രം രേവതി ചെയ്താൽ നന്നായിരിക്കുമെന്ന് ഫാസിൽ തന്നോട് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിവാഹശേഷം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന രേവതി കഥ കേട്ട് ഇഷ്ടമായിട്ട് അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും അഭിനയിക്കുന്നത് എന്തിനാണെന്ന് മാധ്യമങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധം പറഞ്ഞെന്നും എന്നാല്‍ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അതേ ചോദ്യം ചോദിച്ചെന്നും അദ്ദേഹം പറയുന്നു.

അന്ന് ഒരു പുഞ്ചിരിയോടെ ആ ചോദ്യത്തെ നേരിട്ട രേവതി ചിത്രത്തിലെ അസാമാന്യപ്രകടനത്തിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

‘ഫാസിലിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ പലകാരണങ്ങള്‍ കൊണ്ടും ഏറെ പ്രിയപ്പെട്ട സിനിമയാണ്. കാവേരി എന്ന നടിയുടെ അരങ്ങേറ്റവും രേവതിയുടെ തിരിച്ചുവരവുമായിരുന്നു ആ ചിത്രം. ഇതിലെ നായികയായി രേവതിയെ കിട്ടിയാല്‍ നന്നായിരിക്കുമെന്ന കഥ എഴുതുന്ന സമയത്ത് തന്നെ പാച്ചി (ഫാസില്‍) പറഞ്ഞിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ രേവതി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അവരുടെ വിരമിക്കല്‍ ഏറെ വാര്‍ത്താപ്രധാന്യവും നേടിയിരുന്നു. എന്നാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന ചിന്തയിലാണ് ഞങ്ങള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടത്. രേവതിയുമായി തീരെ മുന്‍പരിചയമൊന്നുമില്ലാത്ത ഞാന്‍ അവരുടെ വീട്ടിലെത്തി. അവരുടെ അമ്മയാണ് കതക് തുറന്നതും അകത്തേക്ക് ക്ഷണിച്ചിരുത്തിയതും.

ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു ‘മോള്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് വലിയ വാര്‍ത്തയായതല്ലേ. അഭിനയിക്കാന്‍ ആണെന്ന് ഫോണില്‍ വിളിക്കുമ്പോള്‍ പറഞ്ഞിരുന്നെങ്കില്‍ വെറുതെ ഇവിടം വരെ വന്ന് കഷ്ടപ്പെടേണ്ടിയിരുന്നില്ല,’ എന്ന്.

തികച്ചും വ്യത്യസ്തമായ കഥയാണെന്നും രേവതി ചെയ്താല്‍ നന്നാകുമെന്നും ഞാന്‍ പറഞ്ഞു. ഈ സംഭാഷണം കേട്ട് മുകളിലത്തെ നിലയില്‍ നിന്ന് രേവതി ഇറങ്ങിവന്നു. എന്നോട് കഥ പറയാന്‍ ആവശ്യപ്പെട്ടു. ഫാസിലിന്റെ കഥ പറച്ചില്‍ രീതി കണ്ടുപഠിച്ച ഞാന്‍ അതിന് സമാനരീതിയില്‍ രേവതിയോട് കഥ പറഞ്ഞു. ‘കഥ ഇഷ്ടപ്പെട്ടു, ഞാന്‍ അഭിനയിക്കാം. പക്ഷേ, മാധ്യമങ്ങള്‍ എന്താണ് വീണ്ടും അഭിനയിക്കുന്നത് എന്നൊന്നും ചോദിക്കാന്‍ പാടില്ല’ എന്നവര്‍ നിര്‍ബന്ധം പറഞ്ഞു.

കേരളത്തില്‍ അങ്ങനെയൊന്നും ആരും ചോദിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കി. എന്നാല്‍ ഷൂട്ടിന്റെ ആദ്യദിവസം സെറ്റിലെത്തിയ രണ്ട് പത്രക്കാര്‍ അതേ ചോദ്യം ചോദിച്ചു. അവരോട് ഒന്നുചിരിക്കുക മാത്രം ചെയ്ത രേവതി ചിത്രത്തിലെ അസാമാന്യപ്രകടനത്തിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി,’ ഔസേപ്പച്ചന്‍ പറയുന്നു.

Content Highlight: Producer Ouseppachan talking about Kakkothikkavile Appooppan Thadikal Cinema and Revathy