ഷൂട്ട് ചെയ്ത് വെച്ചത് നാലര മണിക്കൂര്‍ ഫൂട്ടേജ്, രാജാസാബും രണ്ട് പാര്‍ട്ടുണ്ടെന്ന് നിര്‍മാതാവ്
Indian Cinema
ഷൂട്ട് ചെയ്ത് വെച്ചത് നാലര മണിക്കൂര്‍ ഫൂട്ടേജ്, രാജാസാബും രണ്ട് പാര്‍ട്ടുണ്ടെന്ന് നിര്‍മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 7:16 am

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം സലാര്‍, കല്‍ക്കി എന്നീ ചിത്രങ്ങളിലൂടെ വിജയത്തിന്റെ ട്രാക്കില്‍ കയറാന്‍ സാധിച്ചിരിക്കുകയാണ് പ്രഭാസിന്. ബാഹുബലിയിലൂടെ ലഭിച്ച സ്റ്റാര്‍ഡം ഉയരത്തിലെത്തിക്കുമെന്ന് ഈ രണ്ട് സിനിമകളിലൂടെ താരം സൂചന നല്‍കിയിരുന്നു. പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് രാജാസാബ്.

ഫസ്റ്റ് ലുക്ക് മുതല്‍ പുറത്തുവന്ന ഓരോ അപ്‌ഡേറ്റും പ്രഭാസ് ഫാന്‍സ് ആഘോഷമാക്കിയിരുന്നു. ചിത്രത്തിന്റെ ടീസറിനും വന്‍ വരവേല്പാണ് ലഭിച്ചത്. തെലുങ്കില്‍ ഒരുപിടി മികച്ച ചിത്രങ്ങളൊരുക്കിയ മാരുതിയാണ് രാജാസാബിന്റെ സംവിധായകന്‍. പ്രഭാസിന്റെ കരിയറിലെ ആദ്യത്തെ ഹൊറര്‍ കോമഡി ചിത്രമായാണ് രാജാസാബ് ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ടായേക്കുമെന്ന് പറയുകയാണ് നിര്‍മാതാവ് ടി.ജി. വിശ്വപ്രസാദ്. ഒക്ടോബര്‍ അവസാനമാകുമ്പോഴേക്ക് ചിത്രത്തിന്റെ വര്‍ക്കുകളെല്ലാം അവസാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശമെന്നും അദ്ദേഹം പറയുന്നു.

‘ഡിസംബര്‍ അവസാനമെന്നൊക്കെ പറയുമ്പോള്‍ ഹിന്ദിയില്‍ വലിയ സിനിമകളൊന്നും റിലീസാകാത്ത സമയമാണ്. അതേസമയം ജനുവരി തുടക്കത്തില്‍ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുമ്പോള്‍ ആ സമയത്ത് മറ്റ് ഇന്‍ഡസ്ട്രിയിലെ സിനിമകളും റിലീസ് ചെയ്യും. സംക്രാന്തി വലിയ ആഘോഷമാണ്. അപ്പോള്‍ പരമാവധി ക്ലാഷ് ഒഴിവാക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

നാലര മണിക്കൂര്‍ റോ ഫൂട്ടേജ് ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഒരു ബിഗ് ബജറ്റ് സിനിമക്ക് അത് സാധാരണമാണ്. ഇനി രണ്ട് പാട്ടുകളും കുറച്ച് പാച്ചപ്പ് ഷോട്ടുകളും മാത്രമേ എടുക്കാന്‍ ബാക്കിയുള്ളൂ. ഈ സിനിമക്ക് രണ്ടാം ഭാഗവും പ്ലാന്‍ ചെയ്യുന്നുണ്ട്. പക്ഷേ, അത് ഫസ്റ്റ് പാര്‍ട്ടിന്റെ തുടര്‍ച്ചയല്ല. ഇതേ യൂണിവേഴ്‌സില്‍ നടക്കുന്ന മറ്റൊരു കഥ എന്ന രീതിയിലായിരിക്കും അത്,’ വിശ്വപ്രസാദ് പറയുന്നു.

ബോളിവുഡ് താരം സഞ്ജയ് ദത്താണ് രാജാ സാബില്‍ വില്ലനായി വേഷമിടുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍ എന്നിവരാണ് നായികമാര്‍. സമുദ്രക്കനി, ബൊമ്മന്‍ ഇറാനി, ബ്രഹ്‌മാനന്ദം തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമന്‍ എസ് ആണ് ചിത്രത്തിന്റെ സംഗീതം.

Cintent Highlight: Producer of Raja Saab movie saying the movie will have sequel