ലോകഃ തെലുങ്ക് സിനിമയായി എടുത്തിരുന്നെങ്കില്‍ ലാഗുണ്ടെന്ന് പറഞ്ഞ് ഇവിടുത്തെ പ്രേക്ഷകര്‍ പടം പൊട്ടിച്ച് കൈയില്‍ തന്നേനെ: നിര്‍മാതാവ് നാഗവംശി
Malayalam Cinema
ലോകഃ തെലുങ്ക് സിനിമയായി എടുത്തിരുന്നെങ്കില്‍ ലാഗുണ്ടെന്ന് പറഞ്ഞ് ഇവിടുത്തെ പ്രേക്ഷകര്‍ പടം പൊട്ടിച്ച് കൈയില്‍ തന്നേനെ: നിര്‍മാതാവ് നാഗവംശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st October 2025, 8:52 pm

മലയാളത്തിലെ ചരിത്രവിജയമായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രദര്‍ശനം തുടരുന്ന ലോകഃ മോളിവുഡില്‍ പല ചരിത്രവും കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 120 കോടിയിലേറെ നേടിയ ചിത്രം വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 300 കോടി നേടി ചരിത്രം രചിച്ചു. കേരളത്തിന് പുറത്തും ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

ലോകഃയുടെ തെലുങ്ക് വേര്‍ഷനും വന്‍ ഹിറ്റായി മാറി. ഇപ്പോഴിതാ ലോകഃയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രം വിതരണത്തിനെത്തിച്ച നിര്‍മാതാവ് നാഗവംശി. തെലുങ്ക് സിനിമയല്ലാത്തതുകൊണ്ടാണ് ലോകഃ ആന്ധ്രയില്‍ വന്‍ വിജയമായതെന്ന് നാഗവംശി പറഞ്ഞു. ഇത്രയും വലിയ വിജയമാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകഃ തെലുങ്കില്‍ വിതരണത്തിനെത്തിച്ചത് ഞാനാണ്. നല്ല ലാഭമായിരുന്നു ഈ സിനിമ എനിക്ക് നല്കിയത്. തെലുങ്ക് സിനിമയല്ലാത്തതുകൊണ്ടാണ് ഇത്രയും വലിയ വിജയം നേടിയത്. സ്‌ട്രെയ്റ്റ് തെലുങ്ക് പടമായിരുന്നെങ്കില്‍ ഇവിടുത്തെ പ്രേക്ഷകര്‍ ഒന്നും നോക്കാതെ പൊട്ടിച്ച് കൈയില്‍ തന്നേനെ. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ലാഗാണ്, കഥ പോരാ, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ ഇവിടുള്ളവര്‍ കുറ്റം പറയും. ഇത് ഉറപ്പാണ്. അങ്ങനെ നടന്നില്ലെങ്കില്‍ ഞാന്‍ എന്റെ പേര് മാറ്റും. തെലുങ്ക് സിനിമയായി അവതരിപ്പിച്ചിരുന്നെങ്കില്‍ ഒരാള് പോലും ഈ പടം കാണില്ല. കാരണം ഇവിടുത്തെ പ്രേക്ഷകര്‍ക്ക് തെലുങ്ക് സിനിമയെന്ന് പറഞ്ഞാല്‍ പ്രത്യേക മൈന്‍ഡ് സെറ്റുണ്ട്. അതില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ക്ക് താത്പര്യമില്ല,’ നാഗവംശി പറഞ്ഞു.

ലക്കി ഭാസ്‌കര്‍, ഡാകു മഹാരാജ്, കിങ്ഡം തുടങ്ങി അടുത്തിടെ ഹിറ്റായ പല സിനിമകളും നിര്‍മിച്ച സിതാര എന്റര്‍ടൈന്മെന്റ്‌സാണ് ലോകഃയുടെ തെലുങ്ക് നിര്‍മാതാക്കള്‍. രവി തേജ നായകനായ മാസ് ജാതരയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നാഗവംശി ലോകഃയെക്കുറിച്ച് സംസാരിച്ചത്.

തെലുങ്കിലെ വമ്പന്‍ താരങ്ങളുടെ റിലീസിനിടയിലും മികച്ച കളക്ഷനായിരുന്നു ലോകഃയുടെ തെലുങ്ക് പതിപ്പ് നേടിയത്. കൊത്ത ലോകഃ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തെ അഭിനന്ദിച്ച് തെലുങ്കിലെ പല പ്രശസ്തരും രംഗത്തെത്തി. പ്രേമലുവിന് ശേഷം നസ്‌ലെന്റെ സ്റ്റാര്‍ഡം ആന്ധ്രയില്‍ വര്‍ധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗവും പാന്‍ ഇന്ത്യന്‍ ഹിറ്റാകുമെന്ന് ഉറപ്പാണ്.

Content Highlight: Producer Nagavamsi about the success of Lokah movie