തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് ദില്‍ രാജു. 2003ല്‍ ദില്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാജീവിതത്തില്‍ 40ലധികം സിനിമകള്‍ നിര്‍മിക്കുകയും പത്തോളം സിനിമകള്‍ വിതരണത്തിനെത്തിക്കുകയും ചെയ്തു. രണ്ട് തവണ ദേശീയ അവാര്‍ഡും ദില്‍ രാജു സ്വന്തമാക്കിയിട്ടുണ്ട്.
റാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. 350 കോടി ബജറ്റിലെത്തിയ ബ്രഹ്‌മാണ്ഡ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ സിനിമയെന്ന മോശം റെക്കോഡും ഗെയിം ചേഞ്ചര്‍ സ്വന്തം പേരിലാക്കി.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ദില്‍ രാജു. ഷങ്കര്‍ എന്ന സംവിധായകനെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ആദ്യത്തെ തെറ്റെന്ന് അദ്ദേഹം പറഞ്ഞു. അതിന് താന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും ഗെയിം ചേഞ്ചര്‍ തന്റെ കരിയറിലെ വലിയ നഷ്ടമായി മാറിയെന്നും രാജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ എഡിറ്റര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സത്യമായ കാര്യമാണെന്നും അനാവശ്യമായി നാലര മണിക്കൂര്‍ ഫൂട്ടേജ് ചിത്രത്തിനായി ഷൂട്ട് ചെയ്‌തെന്നും അദ്ദേഹം പറയുന്നു. എം നയന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ദില്‍ രാജു.
‘ഗെയിം ചേഞ്ചര്‍ എനിക്ക് സംഭവിച്ച അബദ്ധമാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്നുണ്ടായി. ഷങ്കര്‍ എന്ന സംവിധായകനെ വിശ്വസിച്ചതാണ് അതില്‍ ആദ്യത്തെ തെറ്റ്. അത്രയും ബജറ്റുള്ള ഒരു സിനിമ ഏറ്റെടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണമായിരുന്നു. ഞാനത് ചെയ്തില്ല.
ഈയടുത്ത് ആ സിനിമയുടെ എഡിറ്റര്‍ ഒരു അഭിമുഖത്തില്‍ ഷങ്കറിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. അയാള്‍ പറഞ്ഞത് സത്യമാണ്. നാലര മണിക്കൂറോളമായിരുന്നു ആ സിനിമയുടെ ഫൈനല്‍ കട്ട്. അതിലും കൂടുതല്‍ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അതൊന്നും ഞാന്‍ അനുവദിക്കരുതായിരുന്നു. ഒരുപാട് ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് പറയുമ്പോള്‍ അതിലെ അനാവശ്യ ഭാഗങ്ങളെക്കുറിച്ച് അന്വേഷിക്കണമായിരുന്നു.
സ്‌ക്രിപ്റ്റില്‍ ചെറുതായെങ്കിലും ഇടപെടേണ്ട സ്ഥാനത്ത് ഞാനത് ചെയ്തില്ല. അതിനിടയില്‍ ഷങ്കര്‍ മറ്റൊരു സിനിമയുടെ വര്‍ക്കിന് വേണ്ടി പോയി. അപ്പോഴും ഈ പടം ഡ്രോപ്പ് ചെയ്യാമായിരുന്നു. അതും ചെയ്തില്ല. 40ലധികം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിലൊന്നും വലിയ സംവിധായകനില്ല. പക്ഷേ, ഷങ്കറിന്റെ കാര്യത്തില്‍ എനിക്ക് തെറ്റുപറ്റി,’ ദില്‍ രാജു പറയുന്നു.
Content Highlight: Producer Dil Raju criticize director Shankar for the failure of Game Changer movie