ന്യൂദല്‍ഹി: ആളുകള്‍പറയുന്നതുപോലെ അത്ര സുന്ദരിയൊന്നുമല്ല പ്രിയങ്കാഗാന്ധിയെന്നും അതിലും ചന്ദമുള്ള പെണ്ണുങ്ങള്‍ ബി.ജെ.പിയിലുണ്ടെന്നുമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കത്യാറിന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്.
എനിക്ക് ഇനി ചിരിക്കാന്‍ വയ്യെന്നും ഇത്ര നിലവാരമില്ലാത്ത പ്രസ്താവനയ്ക്ക് എന്തുമറുപടിയാണ് പറയേണ്ടതെന്നും പ്രിയങ്ക ചോദിക്കുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്, എന്നേക്കാള്‍ സൗന്ദര്യമുള്ളവര്‍ ഉണ്ട്. എന്നാല്‍ എന്നേക്കാളും ശക്തിയും ബുദ്ധിയും വിവരവും ഉള്ള, ഈ നിലയിലെത്താന്‍ ഏറെ പാടുപെട്ട എന്റെ സഹപ്രവര്‍ത്തകരുടെ സൗന്ദര്യത്തെ മാത്രമേ അദ്ദേഹം കാണുന്നുള്ളൂവെന്നതാണ് എന്നെ കൂടുതല്‍ ചിരിപ്പിക്കുന്നത്- പ്രിയങ്ക പറയുന്നു.
ബി.ജെ.പി നേതാവിന്റെ പ്രതികരണം ഇന്ത്യയിലെ പാതിവരുന്ന ജനസംഖ്യയോടുള്ള ബി.ജെ.പിയുടെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യപ്രചാരകയായി പ്രിയങ്കയെ ഇറക്കുമെന്ന റിപ്പോര്‍ട്ടിനോട് വാര്‍ത്താ ചാനലില്‍ പ്രതികരിക്കവേയായിരുന്നു വിനയ് കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
Also Read ‘പ്രിയങ്കയെക്കാള്‍ സൂന്ദരികള്‍ വേറെയുണ്ട്’ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്
“എന്ത് താര പ്രചരണം ? ഞാന്‍ അത്തരം കാര്യങ്ങളില്‍ ഒന്നിലും വിശ്വസിക്കുന്നില്ല. അവരെക്കാള്‍ സുന്ദരികളായ ഒരുപാട് പേര്‍ ഉണ്ട്. നായികമാരുണ്ട്. മികച്ച സുന്ദരിമാരായി തന്നെ” എന്നായിരുന്നു ടൈംസ് നൗവില്‍ വിനയ് പറഞ്ഞത്.
ജനങ്ങള്‍ പറയുന്നപോലെ അത്ര സുന്ദരിയൊന്നുമല്ല പ്രിയങ്ക. അതിലും ചന്തമുള്ള പെണ്ണുങ്ങള്‍ ബി.ജെ.പിയിലുണ്ട്. പ്രിയങ്കയെക്കാള്‍ എത്ര സുന്ദരിയാണ് സ്മൃതി ഇറാനി. അവര്‍ പോകുന്നിടത്തെല്ലാം വലിയ ജനക്കുട്ടമാണ്. പ്രിയങ്കയെക്കാള്‍ മികച്ച പ്രാസംഗിക കൂടിയാണ് സ്മൃതി എന്നും രാജ്യസഭാഗം കൂടിയായ കത്യാര്‍ പറഞ്ഞിരുന്നു.