'പട്ടികളെപ്പോലുള്ള നിങ്ങളെ ബസ്തറില്‍ നിന്ന് എറിഞ്ഞോടിക്കും' ആദിവാസികള്‍ക്കെതിരായ പൊലീസ് അതിക്രമം പുറത്തുകൊണ്ടുവന്നവര്‍ക്ക് പൊലീസിന്റെ ഭീഷണി സന്ദേശം
Daily News
'പട്ടികളെപ്പോലുള്ള നിങ്ങളെ ബസ്തറില്‍ നിന്ന് എറിഞ്ഞോടിക്കും' ആദിവാസികള്‍ക്കെതിരായ പൊലീസ് അതിക്രമം പുറത്തുകൊണ്ടുവന്നവര്‍ക്ക് പൊലീസിന്റെ ഭീഷണി സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2017, 10:52 am

bela-bhatiya

ബസ്തര്‍: ആദിവാസികള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ നിലകൊള്ളുന്ന ബസ്തര്‍ മേഖലയിലെ ആക്ടിവിസ്റ്റുകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പൊലീസിന്റെ ഭീഷണി. ബസ്തറില്‍ നിന്നും നിങ്ങളെ എറിഞ്ഞോടിക്കുമെന്നാണ് പൊലീസിന്റെ ഭീഷണി.

ബസ്തര്‍ മേഖലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ എസ്.ആര്‍.പി കല്ലൂരിയുടെ നമ്പറില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്.

ബസ്തര്‍ മേഖലയിലെ ആദിവാസി പെണ്‍കുട്ടികളെ പൊലീസ് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഭീഷണി.

“മാവോയിസ്റ്റുകളെയും നിങ്ങളെപ്പോലുള്ള അവരുടെ നായ്ക്കളെയും ബസ്തറില്‍ നിന്നും കല്ലെറിഞ്ഞ് ഓടിക്കും. കരുതിയിരുന്നോ” എന്നാണ് ആക്ടിവിസ്റ്റായ സന്ദീപ് സിങ്ങിന് ജനുവരി 24ന് കല്ലൂരിയില്‍ നിന്നും ലഭിച്ച സന്ദേശം.


Also Read: ഇടതുമുന്നണിക്ക് വോട്ടുചെയ്തതിന് ഞാനിപ്പോള്‍ ഖേദിക്കുന്നു: എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു 


നിങ്ങള്‍ ഭരണഘടനയ്ക്ക് അതീതല്ല, പണത്തിനുവേണ്ടി നിങ്ങളുടെ മനസാക്ഷിയെ വില്‍ക്കരുത് എന്ന സന്ദീപിന്റെ സന്ദേശത്തിന് മറുപടിയായാണ് ഈ ഭീഷണി സന്ദേശം ലഭിച്ചത്.

പൊലീസ് അതിക്രമം സംബന്ധിച്ച് ആദിവാസി മേഖലയില്‍ തെളിവെടുപ്പിനായി പോയ ബെല ഭാട്ടിയ എന്ന ആക്ടിവിസ്റ്റിനെ കഴിഞ്ഞദിവസം 30ഓളം പേര്‍ ആക്രമിച്ചിരുന്നു. അവരുടെ വീടിന് തീയിടുകയും ഉടന്‍ വീട് വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ബലെ ഭാട്ടിയയെ വേട്ടയാടരുതെന്നു പറഞ്ഞു സുപ്രീം കോടതി അഭിഭാഷകനായ പ്യോലി സ്വാദിജ നല്‍കിയ സന്ദേശത്തിന് മറുപടി കല്ലൂരി പറഞ്ഞത് ” ബസ്തറില്‍ നിന്നും നക്‌സലുകളെ ചവിട്ടി പുറത്താക്കും” എന്നാണ്. “എന്റെ ചോദ്യത്തിനുള്ള നിങ്ങളുടെ മറുപടിയല്ലല്ലോ അത് എന്ന് സ്വാദിജ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ “”F U.” എന്നായിരുന്നു പൊലീസ് ഓഫീസറുടെ പ്രതികരണം.