ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.
പ്രതിപക്ഷം വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കുകയും ക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു.
‘ഈ പണം അദ്ദേഹത്തിന് (പ്രധാനമന്ത്രിക്ക്) ലഭിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ ഉറപ്പിച്ചു പറയാനാകും? പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും ശബ്ദം ഇപ്പോള്‍ എവിടെപ്പോയി?’ മാധ്യമങ്ങളോട് സംസാരിക്കവെ ഖാര്‍ഗെ ചോദിച്ചു.
ക്ഷേത്രത്തിന്റെ വിഭവങ്ങള്‍ വകമാറ്റിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ജൂണ്‍ ഏഴിനാണ് രാമക്ഷേത്ര ട്രസ്റ്റിലെ പണം വകമാറ്റിയ വിവരം ആദ്യം പുറത്തുവരുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂണ്‍ 13ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി ) നിയോഗിച്ചു.
എസ്.ഐ.ടി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 25ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിശ്വാസികള്‍ നല്‍കിയ സംഭാവനകള്‍ മോഷ്ടിക്കപ്പെട്ടത് അങ്ങേയറ്റം ദാരുണമായ സംഭവമാണെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നല്‍കിയ വലിയ ഫണ്ടുകള്‍ മാത്രമല്ല ഇതെന്നും, സാധാരണക്കാരായ മനുഷ്യരും സ്ത്രീകളും തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഭക്തിയോടെ നല്‍കിയ പണമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ തന്നെ, ഇത്രയും വലിയൊരു ധനസമാഹരണത്തിന് നേതൃത്വം നല്‍കിയവര്‍ ഈ സാമ്പത്തിക തിരിമറിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അയോധ്യ എം.പി അവധേഷ് പ്രസാദ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം തുടങ്ങിയ ഉടന്‍ തന്നെ ട്രസ്റ്റ് ഭാരവാഹികള്‍ രാജി വെയ്ക്കണമായിരുന്നു. ഇത് ഒരു സംസ്ഥാനത്തെ മാത്രം പ്രശ്നമല്ലെന്നും, രാജ്യമാകെ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വന്‍കൊള്ളയാണ് നടന്നതെന്നും അവധേഷ് പ്രസാദ് പറഞ്ഞു.
അതേസമയം, ചമ്പത് റായിയെ ആര്‍.എസ്.എസ് നേതൃത്വം നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. 18, 19 തീയതികളില്‍ ഹരിദ്വാറില്‍ നടന്ന വി.എച്ച്.പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത് റായിയെയും, അനില്‍ മിശ്രയേയും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്.
ഇതിന് പുറമെ സംഭാവന കൊള്ളയുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പദവിയില്‍ തുടരുന്നത് ശരിയല്ലെന്ന് ബൈഠക്കില്‍ പങ്കെടുത്ത ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കള്‍ ഇരുവരേയും അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Priyank Kharge slams Modi and Yogi Adithyanath