എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.
ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുതിയമുഖം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ശ്രദ്ധേയമായ മലയാള സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു. ഒപ്പം ബോളിവുഡിലെ ഫാമിലി മാന്‍ എന്ന ഹിറ്റ് സീരീസിലും നടി പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
നടി വിദ്യ ബാലന്‍ തന്റെ ബന്ധുവാണെന്ന് നേരത്തെ പ്രിയാമണി തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ വിദ്യയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. ലിറ്റില്‍ ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.
വിദ്യ ബാലന്‍ തന്റെ കസിനാണെന്നും എന്നാല്‍ തങ്ങള്‍ നേരിട്ട് ആകെ മൂന്ന് തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും പ്രിയാമണി പറയുന്നു. വിദ്യയോട് സംസാരിച്ചതിനേക്കാള്‍ കൂടുതല്‍ താന്‍ നടിയുടെ അച്ഛനായ ബാലനോടാണ് സംസാരിച്ചിട്ടുള്ളതെന്നും പ്രിയ പറഞ്ഞു.
‘വിദ്യ ബാലനും ഞാനും കസിന്‍സാണ്. പക്ഷെ സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ആകെ മൂന്ന് തവണയാണ് നേരിട്ട് കണ്ടിട്ടുള്ളത്. അതില്‍ രണ്ട് തവണ കണ്ടത് സോഷ്യല്‍ ഇവന്റിലാണ്.
ഒരു തവണ ഞങ്ങള്‍ യാഥൃശ്ചികമായി ഒരേ സ്ഥലത്ത് ഒരേ സമയത്ത് എത്തുകയായിരുന്നു. അപ്പോള്‍ ‘ഹായ്, ഹലോ’ പറഞ്ഞ് സംസാരിച്ചു. എന്നാല്‍ വ്യക്തിപരമായി ഞാന്‍ വിദ്യയോട് കൂടുതല്‍ സംസാരിച്ചിട്ടില്ല.
അതിനേക്കാള്‍ കൂടുതല്‍ ഞാന്‍ വിദ്യയുടെ അച്ഛനോടാണ് സംസാരിച്ചിട്ടുള്ളത്. ബാലന്‍ അങ്കിള്‍ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എന്റെ ഹിന്ദി സിനിമ കണ്ടാല്‍ ഉടനെ എന്നെ വിളിക്കുകയും ‘നന്നായിട്ടുണ്ട് മോളേ’യെന്ന് പറയുകയും ചെയ്യാറുണ്ട്,’ പ്രിയാമണി പറയുന്നു.
Content Highlight: Priyamani Talks About Vidya Balan