എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.
ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുതിയമുഖം തുടങ്ങിയ ശ്രദ്ധേയമായ മലയാള സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും കഠിനമായത് ഏതായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പ്രിയാമണി.
ചാലഞ്ചിങ്ങായ റോളുകളെന്ന് പറയാനാണ് തനിക്ക് താത്പര്യമെന്നും ഇതുവരെയുള്ള തന്റെ മൊത്തം കരിയറില്‍ ആകെ മൂന്ന് സിനിമകളില്‍ മാത്രമാണ് ചാലഞ്ചിങ്ങായ റോളുകള്‍ ലഭിച്ചിട്ടുള്ളതെന്നും നടി പറയുന്നു.
അമീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പരുത്തിവീരന്‍ ആണ് പ്രിയാമണി പറഞ്ഞ ആദ്യ സിനിമ. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോന്‍ എന്നിവര്‍ ഒന്നിച്ച തിരക്കഥയാണ് (2008) നടിക്ക് ചാലഞ്ചിങ്ങായ റോള്‍ നല്‍കിയ രണ്ടാമത്തെ സിനിമ.
കന്നഡയിലും തമിഴിലുമായി 2012ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമായ ചാരുലതയാണ് മൂന്നാമതായി പ്രിയാമണി പറഞ്ഞ സിനിമ. തന്റെ ഏറ്റവും പുതിയ ചിത്രമായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഭാഗമായി പേര്‍ളിമാണി ഷോയില്‍ സംസാരിക്കുകയായിരുന്നു നടി.
‘എനിക്ക് ചാലഞ്ചിങ് റോളുകള്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. ടഫായ റോളുകളല്ല ചാലഞ്ചിങ്ങായ റോളുകള്‍ എന്ന് പറയാനാണ് എനിക്ക് താത്പര്യം. ഇതുവരെയുള്ള എന്റെ മൊത്തം കരിയറില്‍ ആകെ മൂന്ന് സിനിമകളില്‍ മാത്രമാണ് എനിക്ക് ചാലഞ്ചിങ്ങായ റോളുകള്‍ ലഭിച്ചിട്ടുള്ളത്.
ഫിസിക്കലിയും മെന്റലിയും ഇമോഷണലിയും അത് വളരെ ചാലഞ്ചിങ്ങ് തന്നെയായിരുന്നു. അതില്‍ ഒരു സിനിമ തീര്‍ച്ചയായും പരുത്തിവീരനാണ്. പിന്നെയുള്ളത് തിരക്കഥ. അവസാനം ചാരുലത,’ പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani Talks About Thirakkatha Movie