മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. സത്യം, ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുതിയമുഖം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയവയാണ് പ്രിയാമണിയുടെ മലയാള സിനിമകള്‍.
തെലുങ്കില്‍ സായ് പല്ലവി നായികയായി എത്തിയ വിരാട പര്‍വത്തിലും പ്രിയ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ റാണ ദഗ്ഗുബാട്ടി ആയിരുന്നു നായകന്‍. ഇപ്പോള്‍ സായ് പല്ലവിയെ കുറിച്ചും സായ്‌യുടെ മേക്കപ്പില്ലാത്ത ലുക്കിനെ കുറിച്ചും പറയുകയാണ് പ്രിയാമണി. കരിഷ്മ മേത്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘സൗന്ദര്യം എന്ന് പറയുന്നത് തീര്‍ച്ചയായും കാഴ്ചക്കാരുടെ കണ്ണിലാണ്. ഞാന്‍ മേക്കപ്പിന്റെ കാര്യത്തില്‍ പൂര്‍ണമായും സായ് പല്ലവിയോട് യോജിക്കുന്നു. എനിക്ക് സായ്‌യുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും സ്വയം കൈകാര്യം ചെയ്യുന്ന ആളാണ് സായ്.
സായ് പല്ലവി സത്യത്തില്‍ ഒട്ടും ഹേറ്റേഴ്‌സില്ലാത്ത ചുരുക്കം ചില നായികമാരില്‍ ഒരാളാണ്. എനിക്ക് അതില്‍ ഒരുപാട് സന്തോഷമുണ്ട്. വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലായിരുന്നു ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. ആ സമയത്ത് സായ്‌യുമായി സംസാരിക്കാനും അടുത്ത് ഇടപഴകാനും എനിക്ക് സാധിച്ചിരുന്നു.
സായ് ഒരിക്കലും മേക്കപ്പ് ധരിക്കുന്ന ആളല്ലെന്ന് അന്നെനിക്ക് മനസിലായിരുന്നു. അതില്‍ അവള്‍ ഒരുപാട് കംഫേര്‍ട്ടബിളുമാണ്. ഞാനും മുമ്പ് അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴും മേക്കപ്പ് ഇല്ലാതെ സിനിമ ചെയ്യാന്‍ പറഞ്ഞാല്‍, ഞാന്‍ അതിന് തയ്യാറാണ്.
എന്റെ മലയാള സിനിമകള്‍ കണ്ടാല്‍ അത് മനസിലാകും. അതിലൊന്നും ഞാന്‍ അങ്ങനെ മേക്കപ്പ് ഉപയോഗിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിലൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ക്ക് മേക്കപ്പിന്റെ ആവശ്യമേ ഇല്ലായിരുന്നു.
അതേസമയം മേക്കപ്പ് ആവശ്യമുള്ള കഥാപാത്രങ്ങള്‍ക്ക് മേക്കപ്പ് ഇട്ടിരുന്നു. ആവശ്യമുണ്ടെങ്കില്‍ മാത്രമേ മേക്കപ്പ് ഇടേണ്ട കാര്യമുള്ളൂ. സിനിമയില്‍ മാത്രമല്ല, പുറത്തും ആവശ്യമുണ്ടെങ്കില്‍ മാത്രമേ മേക്കപ്പ് ഇടേണ്ടതുള്ളൂ,’ പ്രിയാമണി പറയുന്നു.
Content Highlight: Priyamani Talks About Sai Pallavi