അമീർ രചനയും സംവിധാനവും നിർവഹിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് പരുത്തിവീരൻ. കാർത്തി ആദ്യമായി അഭിനയിച്ച സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയാമണി നായികയായി വന്ന പടത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് യുവൻ ശങ്കർ രാജയാണ്. പരുത്തിവീരനിലെ പെർഫോമൻസിന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരം പ്രിയാമണിക്ക് ലഭിച്ചിരുന്നു.
പരുത്തിവീരൻ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. തെലുങ്കിലും കന്നഡയിലും റിലീസായ സിനിമകൾ സൂപ്പർഹിറ്റുകളായ സമയത്താണ് പരുത്തിവീരനിലേക്ക് ക്ഷണം കിട്ടുന്നതെന്നും മുത്തഴക് എന്ന കഥാപാത്രത്തിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനും നിർമാതാവുമായ അമീറിനാണെന്നും പ്രിയാമണി പറഞ്ഞു.
പ്രിയാമണി എന്നൊരു നടി ദക്ഷിണേന്ത്യയിലുണ്ട് എന്ന് ബോളിവുഡ് അറിയാൻ വഴിയായത് പരുത്തിവീരൻ ആണെന്നും ആ സിനിമക്ക് ശേഷം താൻ കൂടുതൽ സെലക്ടിവ് ആയെന്നും പ്രിയാമണി പറയുന്നു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘തെലുങ്കിലും കന്നഡയിലും റിലീസായ പത്തിലേറെ സിനിമകൾ സൂപ്പർഹിറ്റുകളായ സമയത്താണ് പരുത്തിവീരനിലേക്ക് ക്ഷണം കിട്ടിയത്. മുത്തഴക് എന്ന എന്റെ കഥാപാത്രത്തിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനും നിർമാതാവുമായ അമീർ സാറിനാണ്. ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഏറെ സന്തോഷമായി.
പ്രിയാമണി എന്നൊരു നടി ദക്ഷിണേന്ത്യയിലുണ്ട് എന്ന് ബോളിവുഡ് അറിയാൻ അത് വഴിയൊരുക്കി. പരുത്തിവീരന് ശേഷം അൽപം കൂടി സെലക്ടീവ് ആയി.
ഗ്രാമീണവേഷങ്ങളിൽ നിന്ന് മാറിയുള്ള കഥാപാത്രങ്ങൾക്കായി കാത്തിരുന്നു. മോഡേൺ വസ്ത്രങ്ങളാണ് എനിക്കേറെയിഷ്‌ടം. ജീൻസും മോഡേൺ ടോപ്പുകളും ഒക്കെ. അങ്ങനെയൊരു അടിപൊളി കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നപ്പോഴാണ് തിരക്കഥയിലേക്കു ക്ഷണം വന്നത്.
പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ കഥാപാത്രമായി മാളവിക. മണിരത്നം സാറിന്റെ രാവൺ, രഞ്ജിത്ത് സാറിന്റെ പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിൻ്റ് ഇവയൊക്കെ എന്റെ കരിയർ ബലപ്പെടുത്തിയ അധ്യായങ്ങളാണ്. സംവിധായകൻ നൽകുന്ന നിർദേശങ്ങളിൽ നിന്ന് അൽപം പോലും മാറാതെ നിൽക്കുമ്പോൾ കഥാപാത്രങ്ങൾ പൂർണതയിലെത്തുമെന്നാണ് എന്റെ തിരിച്ചറിവ്, ഡബ്ബിങ്ങിലും വോയിസ് മോഡുലേഷനിലും വരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്,’ പ്രിയാമണി പറയുന്നു.