വളരെ എനര്‍ജിയുള്ള നടന്‍; സെറ്റില്‍ 'തോബ തോബ' ഡാന്‍സ് കളിച്ച് ഞങ്ങളെ ഞെട്ടിച്ചു: പ്രിയാമണി
Entertainment
വളരെ എനര്‍ജിയുള്ള നടന്‍; സെറ്റില്‍ 'തോബ തോബ' ഡാന്‍സ് കളിച്ച് ഞങ്ങളെ ഞെട്ടിച്ചു: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th May 2025, 10:41 am

എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.

ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുതിയമുഖം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ശ്രദ്ധേയമായ മലയാള സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു. ഒപ്പം ബോളിവുഡിലെ ഫാമിലി മാന്‍ എന്ന ഹിറ്റ് സീരീസിലും നടി പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഈ സീരീസില്‍ നായകനായി എത്തിയത് മനോജ് ബാജ്‌പേയി ആയിരുന്നു. ഇപ്പോള്‍ കരിഷ്മ മേത്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് വര്‍ക്ക് ചെയ്യാന്‍ ഒരുപാട് ഇഷ്ടമായതും സ്‌ക്രീനില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ നടനാണ് മനോജ് ബാജ്‌പേയിയെന്ന് പറയുകയാണ് പ്രിയാമണി. ഷൂട്ടിങ് സെറ്റില്‍ അദ്ദേഹത്തിനൊപ്പമുള്ള രസകരമായ അനുഭവവും നടി പങ്കുവെക്കുന്നു.

‘എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഒരുപാട് ഇഷ്ടമായതും സ്‌ക്രീനില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ നടനാണ് മനോജ് ബാജ്‌പേയി. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഫാമിലി മാന്‍ എന്ന സീരീസില്‍ അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള രസകരമായ ഒരുപാട് നിമിഷങ്ങളുണ്ട്.

മനോജ് സാര്‍ സെറ്റില്‍ വെച്ച് വിക്കി കൗഷലിന്റെ തോബ തോബ പാട്ടിന് ഡാന്‍സ് കളിച്ചതാണ് എനിക്ക് പെട്ടെന്ന് ഓര്‍മ വരുന്നത് (ചിരി). ഞങ്ങള്‍ അന്ന് ശരിക്കും ഞെട്ടി. ഒരുപാട് ചിരിച്ചു മറിഞ്ഞു. ഗുല്‍ (ഗുല്‍ പനാഗ്), ഷാരിബ് (ഷാരിബ് ഹാഷ്മി), മനോജ് സാര്‍ എന്നിവരായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്.

പിന്നെ ഞാനും സീരീസില്‍ ഞങ്ങളുടെ മകനായി അഭിനയിച്ച വേദാന്തും ഉണ്ടായിരുന്നു. വേദാന്ത് സെറ്റില്‍ എല്ലാവരോടും വളരെ കമ്പനിയായി ജോളിയായി നടക്കുന്ന ആളാണ്. അതുമാത്രമല്ല, അവന്‍ നന്നായി ഡാന്‍സും ചെയ്യുന്ന ആളാണ്.

അങ്ങനെ ആ ദിവസം ഞങ്ങളെല്ലാവരും സെറ്റില്‍ പരസ്പരം സംസാരിച്ചിരിക്കുകയായിരുന്നു. ആ സമയത്തായിരുന്നു വിക്കി കൗഷലിന്റെ തോബ തോബ എന്ന പാട്ട് വൈറല്‍ ആയത്. എവിടെ നോക്കിയാലും ആ പാട്ട് തന്നെയായിരുന്നു.

ഞങ്ങള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ വേദാന്ത് തോബ തോബ ഡാന്‍സ് കളിക്കാന്‍ തുടങ്ങി. അത് കണ്ടതും ഞങ്ങളും ആ സ്റ്റെപ്പ് പഠിക്കണമെന്ന് പറഞ്ഞു. ഞാനും ഗുലും ഷാരിബും ആയിരുന്നു ആ ഡാന്‍സ് സ്റ്റെപ്പ് പഠിക്കണമെന്ന് പറഞ്ഞത്.

ആ സമയത്താണ് മനോജ് സാര്‍ അവിടേക്ക് വരുന്നത്. സാര്‍ വന്നിട്ട് ‘ഈ സ്റ്റെപ്പ് വളരെ ഈസിയാണ്’ എന്ന് പറഞ്ഞു. കൂടെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് തരികയും ആ ഡാന്‍സ് കളിക്കുകയും ചെയ്തു. ഞങ്ങള്‍ക്കൊക്കെ അത് വലിയ സര്‍പ്രൈസായിരുന്നു (ചിരി). അദ്ദേഹം വളരെ എനര്‍ജിയുള്ള നടനാണ്,’ പ്രിയാമണി പറയുന്നു.


Content Highlight: Priyamani Talks About Manoj Bajpayee