എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.
ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുതിയമുഖം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ശ്രദ്ധേയമായ മലയാള സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു. ഒപ്പം ബോളിവുഡിലെ ഫാമിലി മാന്‍ എന്ന ഹിറ്റ് സീരീസിലും നടി പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
നടിയുടെ കരിയറിലെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നു അതു ഒരു കനാ കാലം (2005). ആ സിനിമയില്‍ നായകനായത് ധനുഷ് ആയിരുന്നു. ഇപ്പോള്‍ ധനുഷിനെ കുറിച്ച് പറയുകയാണ് പ്രിയാമണി. ആ സിനിമക്ക് ശേഷം തങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ലെന്നാണ് നടി പറയുന്നത്.
സിനിമയില്‍ അല്ലാതെ പുറത്തുവെച്ച് പരിപാടികളില്‍ തങ്ങള്‍ പരസ്പരം കാണാറുണ്ടെന്ന് പറയുന്ന പ്രിയ ധനുഷിനൊപ്പം ഒരുമിച്ച് സിനിമ ചെയ്യാന്‍ ആകട്ടേയെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ലിറ്റില്‍ ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.
‘ധനുഷിനെ എനിക്ക് അതു ഒരു കനാ കാലം സിനിമ മുതല്‍ക്കേ തന്നെ അറിയാം. ഈയിടെ ധനുഷ് എന്റെ ഒരു സിനിമയുടെ ട്രെയ്‌ലര്‍ കാണുകയും എനിക്ക് മെസേജിടുകയും ചെയ്തിരുന്നു. ‘വളരെ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞായിരുന്നു മെസേജ് ചെയ്തത്.
ഞാന്‍ ധനുഷിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം അതു ഒരു കനാ കാലം സിനിമക്ക് ശേഷം ഈ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ പോലും ചെയ്തിട്ടില്ല എന്നതാണ് സത്യം.
സിനിമയില്‍ അല്ലാതെ പുറത്തുവെച്ച് പരിപാടികളില്‍ ഞങ്ങള്‍ പരസ്പരം കാണാറുണ്ട്. എന്നാല്‍ ഒരുമിച്ച് പിന്നീട് വര്‍ക്ക് ചെയ്യാന്‍ ആയിട്ടില്ല. ധനുഷിനൊപ്പം ഒരുമിച്ച് സിനിമ ചെയ്യാന്‍ ആകട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ പ്രിയാമണി പറയുന്നു.
Content Highlight: Priyamani Says She Wants To Act With Dhanush