ആ സിനിമയുടെ തിരക്കഥ എനിക്ക് കിട്ടിയാൽ ഞാൻ ചെയ്യാൻ ധൈര്യപ്പെടില്ല: പ്രിയദർശൻ
Entertainment
ആ സിനിമയുടെ തിരക്കഥ എനിക്ക് കിട്ടിയാൽ ഞാൻ ചെയ്യാൻ ധൈര്യപ്പെടില്ല: പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th January 2025, 8:10 am

ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിലെ എവർഗ്രീൻ കോമഡി ചിത്രങ്ങൾ പലതും അണിയിച്ചൊരുക്കിയിട്ടുണ്ട്.

സ്ലാപ്സ്റ്റിക്ക് തമാശകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയദർശൻ കാഞ്ചിവരം,കാലാപാനി തുടങ്ങിയ ശ്രദ്ധേയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിന് ഇന്നും വലിയ ആരാധകരുണ്ട്.

കോമഡിയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. പുതിയ സിനിമകളിൽ വിഷ്വൽ കോമഡികളാണ് അധികവും അവതരിപ്പിക്കുന്നതെന്നും അത്തരം പരീക്ഷണങ്ങെല്ലാം വിജയിക്കുന്നുണ്ടെന്നും പ്രിയദർശൻ പറയുന്നു.

വരനെ ആവശ്യമുണ്ട് സിനിമയുടെ തിരക്കഥ എനിക്ക് കിട്ടിയാൽ അത് ചെയ്യാൻ ഞാൻ ധൈര്യപ്പെടില്ലായിരുന്നു
– പ്രിയദർശൻ

കാലം മാറുന്നതിനനുസരിച്ച് പ്രേക്ഷരുടെ സെൻസ് ഓഫ് ഹ്യൂമറിന് മാറ്റം വരുമെന്നും വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ കഥ തനിക്ക് കിട്ടിയാൽ ചെയ്യാൻ ധൈര്യപ്പെടില്ലെന്നും പ്രിയദർശൻ പറഞ്ഞു. ആ സിനിമ ഇഷ്ടമായെന്നും എന്നാൽ പല സീനുകളും താനുമായി കണക്റ്റ് ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുതിയ സിനിമകളിൽ കൂടുതലായി വിഷ്വൽ കോമഡികളാണ് കാണുന്നത്. പ്രേമം സിനിമയിൽ പെൺകുട്ടിയുടെ വീടിൻ്റെ മുന്നിലൂടെ ചെറുപ്പക്കാർ സൈക്കിളിൽ അങ്ങോട്ടുമിങ്ങോട്ടും പൊയിക്കൊണ്ടിരിക്കുന്നത്, അവളെ കാണാനുള്ള രസകരമായ നീക്കങ്ങൾ അതെല്ലാം വിഷ്വൽ ഹ്യൂമറുകളാണ്. അത്തരം പരീക്ഷണങ്ങളെല്ലാം ഇന്ന് ഏറെ വിജയിക്കുന്നുണ്ട്. ചിരി ഉണ്ടാക്കലാണ് ഏറ്റവും പ്രയാസം. കാലം മാറുന്നതിനനുസരിച്ച് പ്രേക്ഷകരുടെ സെൻസ് ഓഫ് ഹ്യുമാറിന് മാറ്റം വരുന്നുണ്ട്.

പഴയകാലത്ത് ഹ്യൂമർ മുൻനിർത്തി ഒരുപാട് സിനിമകൾ ചെയ്‌തിട്ടുണ്ട്. സമൂഹത്തിൽ നിന്നുതന്നെ ചിരിക്കുള്ള വകകൾ കണ്ടെത്തി അവതരിപ്പിക്കുന്നതായിരുന്നു രീതി. ഇന്ന് സിനിമ വലിയ തോതിൽ മാറിയിരിക്കുന്നു. വരനെ ആവശ്യമുണ്ട് സിനിമയുടെ തിരക്കഥ എനിക്ക് കിട്ടിയാൽ അത് ചെയ്യാൻ ഞാൻ ധൈര്യപ്പെടില്ലായിരുന്നു, സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ, ചിത്രത്തിലെ സിറ്റുവേഷനുകൾ പലതും ഞാനുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതല്ല. ഈ വ്യത്യാസത്തെയാകും ജനറേഷൻ ഗ്യാപ് എന്ന് പറയുന്നത്,’പ്രിയദർശൻ പറയുന്നു.

അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമയാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Content Highlight: Priyadharshan About Varane Aavashyamund Movie