ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. കഥകള്‍ മോഷ്ടിക്കുന്നതിനോട് ശ്രീനിവാസന്‍ യോജിക്കാറില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. എന്നാല്‍ തനിക്ക് ഒരിക്കല്‍ ഒരു ഹിന്ദി സിനിമയുടെ കഥ മോഷ്ടിക്കേണ്ടി വന്നെന്നും എന്നാല്‍ തിരക്കഥ എഴുതുന്ന ശ്രീനിവാസനോട് ഇക്കാര്യം പറഞ്ഞാല്‍ പടം നടക്കാത്തതുകൊണ്ട് ബര്‍ണാഡ് ഷായുടെ ഒരു നാടകത്തിന്റെ സ്വതന്ത്ര വ്യാഖ്യാനമാണെന്നൊരു കള്ളം പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ്ങിന്റെ അവസാന ദിവസം സത്യം മനസിലാക്കിയ ശ്രീനിവാസന്‍ താന്‍ സിനിമയെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന കാലത്ത് നമുക്ക് വീണ്ടും കാണാം എന്ന് പറഞ്ഞ് പോയെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
‘കഥകള്‍ മോഷ്ടിക്കുന്നതിനോട് ശ്രീനി യോജിക്കാറില്ല. എന്നാല്‍ ഒരു ഹിന്ദി സിനിമയുടെ കഥ എനിക്ക് സിനിമയാക്കേണ്ടിവന്നു. പക്ഷേ തിരക്കഥ എഴുതുന്ന ശ്രീനിയോട് ഇക്കാര്യം പറഞ്ഞാല്‍ പടം മുടങ്ങും. അതുകൊണ്ട് ആ കഥ ബര്‍ണാഡ് ഷായുടെ ഒരു നാടകത്തിന്റെ സ്വതന്ത്ര വ്യാഖ്യാനമാണെന്നൊരു ബുദ്ധിജീവി നുണ പറഞ്ഞു, അതേറ്റു.
പക്ഷേ ഷൂട്ടിങ്ങിന്റെ അവസാന ദിവസം സത്യം മനസിലാക്കിയ ശ്രീനി എന്നോട് യാത്ര പറഞ്ഞു. ‘താന്‍ സിനിമയെ ആത്മാര്‍ഥമായി സമീപിക്കുന്ന കാലത്ത് നമുക്ക് വീണ്ടും കാണാം. അതുവരെ ഈ കൂട്ടുചേരല്‍ വേണ്ട’ എന്ന് ശ്രീനി എന്നോടു തുറന്നുപറഞ്ഞു. എന്നാല്‍ എനിക്ക് അന്ന് തോന്നിയ ദേഷ്യം അല്ലെങ്കില്‍ പ്രതികാരം എന്റെ പ്രൊഫഷണല്‍ ലൈഫിന്റെ ഗ്രാഫ് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതിന് ഏറെ സ്വാധീനിച്ചു എന്നതാണ് സത്യം.
നമ്മെ സ്‌നേഹിക്കുന്നവര്‍ നമുക്ക് ചില തിരിച്ചറിവുകള്‍ കൂടി ജീവിതത്തില്‍ നല്‍കേണ്ടതുണ്ട്. എന്റെ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും ശ്രീനി ആ കടമ നിര്‍വഹിച്ചിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ പെട്ടെന്ന് കലിവരുന്ന സംസാരം. പക്ഷേ സാവകാശം നാം കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അന്ന് ശ്രീനി പറഞ്ഞതാണ് ശരി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,’ പ്രിയദര്‍ശന്‍ പറയുന്നു.