പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമാണ് കിലുക്കം. കിലുക്കത്തില്‍ മോഹന്‍ലാലും, ജഗതി ശ്രീകുമാറും രേവതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കിലുക്കത്തില്‍ നിന്ന് ജഗദീഷിന്റെ മുഴുവന്‍ ഭാഗങ്ങളും എഡിറ്റിങ്ങില്‍ കട്ട് ചെയ്ത് കളഞ്ഞെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തെ മൊത്തമായും കളഞ്ഞപ്പോള്‍ സിനിമക്ക് കൂടുതല്‍ ഫ്‌ലോ വന്നെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രം എന്ന സിനിമ എഡിറ്റ് ചെയ്യുമ്പോഴും ഇതുപോലെ ഇന്നസെന്റിന്റെ മുഴുനീള കഥാപാത്രത്തെ വെട്ടി ചുരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഗദീഷിന്റെ കഥാപാത്രത്തെ മുഴുവനും ആ സിനിമയില്‍ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയപ്പോള്‍ ആ സിനിമയുടെ ഫ്‌ലോ ബെറ്ററായി – പ്രിയദര്‍ശന്‍
‘കിലുക്കം എന്ന ചിത്രത്തില്‍ നിന്ന് ജഗദീഷിന്റെ ഭാഗങ്ങള്‍ എല്ലാം എഡിറ്റ് ചെയ്ത് കളഞ്ഞപ്പോള്‍ സിനിമയുടെ ഫ്‌ലോ കുറച്ചുകൂടി നന്നായി. ചിത്രം എന്ന സിനിമയില്‍ ഇന്നസെന്റ് എന്ന് പറഞ്ഞ ആളെ പലരും കണ്ടിട്ടില്ല. അദ്ദേഹത്തെ ചിത്രത്തിലെ ഒരു സീനില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പക്ഷെ ശരിക്കും ഇന്നസെന്റിന് ചിത്രത്തില്‍ ഒരു മുഴുനീള വേഷം ആയിരുന്നു. അതെല്ലാം അവസാനം കട്ട് ചെയ്ത് കളഞ്ഞു.
അതുപോലെതന്നെയാണ് കിലുക്കത്തിലെ ജഗദീഷും. അദ്ദേഹത്തിന് ഒരുപാട് സീനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കട്ട് ചെയ്ത് കളയാന്‍ കാരണം, സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ എന്റെ അന്നത്തെ എഡിറ്റര്‍ അമ്പി സാര്‍, അദ്ദേഹം കുമാരസംഭവം പോലെയുള്ള വലിയ സിനിമകള്‍ എഡിറ്റ് ചെയ്ത എന്റെ ഗുരുനാഥന്‍ കൂടിയാണ്. അദ്ദേഹം എന്റെ അടുത്ത് പറഞ്ഞു ‘ഞാന്‍ നാളെ രാവിലെ ഈ സിനിമ ഒന്നുകൂടെ കാണിക്കാം. ജഗദീഷിന്റെ ക്യാരക്ടര്‍ ഇല്ലാതെ താന്‍ ഈ സിനിമയൊന്ന് കാണിക്കാം’ എന്ന്.
എനിക്ക് ആദ്യം നല്ല വിഷമം തോന്നിയിരുന്നു. എന്നാല്‍ അതിന് മുമ്പ് ചിത്രത്തില്‍ ഇന്നസെന്റിന്റെ ക്യാരക്ടറിനെ ഇദ്ദേഹം തന്നെയാണ് വെട്ടി കളഞ്ഞിട്ടുള്ളത് എന്ന ഒരു അനുഭവം ഉള്ളതുകൊണ്ട് ഞാന്‍ വിശ്വസിച്ചു.
ജഗദീഷിന്റെ കഥാപാത്രത്തെ മുഴുവനും ആ സിനിമയില്‍ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയപ്പോള്‍ ആ സിനിമയുടെ ഫ്‌ലോ ബെറ്ററായി. ഇപ്പോള്‍ നിങ്ങള്‍ കണ്ട് ആസ്വദിക്കുന്ന കിലുക്കത്തിന്റെ ആ സുഖം ജഗദീഷിന്റെ കഥാപാത്രം ഉണ്ടെങ്കില്‍ നഷ്ടപ്പെട്ടേനെ,’ പ്രിയദര്‍ശന്‍ പറയുന്നു.
Content highlight: Priyadarshan talks about removing of Jagadish’s character from Kilukkam movie