എന്റെ ഫേവറിറ്റ് യുവനടന്‍; നിഷ്കളങ്കനായ കള്ളനാണവന്‍: പ്രിയദര്‍ശന്‍
Malayalam Cinema
എന്റെ ഫേവറിറ്റ് യുവനടന്‍; നിഷ്കളങ്കനായ കള്ളനാണവന്‍: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 11:34 am

ഗിരീഷ് എ.ഡി മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് നസ്‌ലെന്‍. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നസ്‌ലെന്റെ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുരുക്കം സിനിമകളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്ക് കടക്കാന്‍ നസ്‌ലെന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും നസ്‌ലെന്‍ ശ്രദ്ധേയനായി. പ്രേമലു തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.

നസ്‌ലെന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര. ഇപ്പോള്‍ ചന്ദ്രയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ നസ് ലെനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്നത്തെ കാലത്തെ തന്റെ ഫേവറിറ്റ് നടനാണ് നസ്‌ലെന്‍ എന്ന് പ്രിയദര്‍ശന്‍ പറയുന്നു.

‘നസ്‌ലെന്‍ എന്റെ ഫേവറിറ്റ് ആക്ടറാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ വിഷ്ണു വിജയം എന്ന സിനിമയെല്ലാം കാണുന്ന സമയത്ത് കമല്‍ ഹാസനെ പോലെ ഒരു നടനെ കണ്ടിട്ടില്ല. നിഷ്‌കളങ്കത ഉണ്ടെങ്കിലും ഭയങ്കര കള്ളത്തരമാണെന്ന് നമുക്ക് തോന്നില്ലേ, അതേ സാധനം രണ്ടാമതിറങ്ങിയിരിക്കുകയാണ്, നസ്‌ലെന്‍ ആയിട്ട്. അത്രയും നിഷ്‌കളങ്കത തോന്നിയ നടനാണ് നസ്‌ലെന്‍. ഒരു കള്ളനാണവന്‍,’ പ്രിയദര്‍ശന്‍ പറയുന്നു.

നേരത്തെ പ്രേമലു എന്ന സിനിമ കണ്ടതിന് ശേഷം നസ്‌ലെന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് പ്രിയദര്‍ശന്‍ രംഗത്ത് വന്നിരുന്നു. വളരെ മികച്ച നടനാണ് നസ്‌ലെന്‍ എന്നും അവന്റെ പ്രകടനം താന്‍ നന്നായി ആസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര

മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷന്‍ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്ലെന്റെയും ലുക്കും പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്നു. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Priyadarshan talks about Naslen