പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത അദ്ദേഹം അധികം വൈകാതെ തന്നെ ഹിന്ദി, തമിഴ് ഭാഷകളിലും തിരക്കുള്ള ഫിലിംമേക്കറായി മാറി. മലയാളത്തിൽ വലിയ വിജയങ്ങൾ സമ്മാനിച്ച അദ്ദേഹം ദേശീയ – സംസ്ഥാന അവാർഡുകളിൽ പലവട്ടം മുത്തമിട്ടുണ്ട്. കൊമേഴ്ഷ്യൽ സിനിമകൾക്കൊപ്പം കലാമൂല്യമുള്ള സിനിമകളും അദ്ദേഹം സമ്മാനിച്ചു.
അമിതാഭ് ബച്ചനോടുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ. തന്റെ അച്ഛന്റെ പോക്കറ്റിൽ നിന്ന് താൻ മോഷണം സ്ഥിരമാക്കിയത് അമിതാഭ് ബച്ചന്റെ സിനിമകൾ കാണാൻ തുടങ്ങിയതിന് ശേഷമാണെന്ന് പ്രിയദർശൻ പറയുന്നു. അമിതാഭ് ബച്ചന്റെ സിനിമകൾ കാണാൻ ക്ലാസുകളും പരീക്ഷയുമൊന്നും തനിക്ക് തടസമായില്ലെന്നും ഷോലെ റിലീസ് ചെയ്യുമ്പോൾ പരീക്ഷ ആയിരുന്നുവെന്നും പ്രിയദർശൻ പറഞ്ഞു.
ഭ്രാന്തമായ ആവേശമായിരുന്നു ഓരോ ബച്ചൻ സിനിമയെന്നും ബച്ചനെ നേരിട്ട് കാണണമെന്ന് അന്ന് സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഉയരമുള്ളതിനാൽ പെൺകുട്ടികളെ ആകർഷിക്കാൻ അമിതാഭ് ബച്ചന്റെ ഡ്രസ്സിങ് സ്‌റ്റൈൽ പിന്തുടരണം എന്ന ചിന്തയാണ് ബെൽമ്പോട്ടം പാന്റ്സ് ഇടാൻ തന്നെ പ്രേരിപ്പിച്ചതെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
‘ബച്ചൻ സിനിമയും എന്റെ അച്ഛൻ്റെ പോക്കറ്റും തമ്മിലൊരു ബന്ധമുണ്ട്. കാരണം അച്ഛൻ്റെ പോക്കറ്റിൽനിന്ന് ഞാൻ മോഷണം സ്ഥിരമാക്കിയത് ബച്ചൻ സിനിമ കാണാൻ തുടങ്ങിയതോടെയാണ്. തുടർച്ചയായ ഹിറ്റുകൾ, അമിതാഭ് ബച്ചൻ ഇന്ത്യയൊട്ടാകെ കൾട്ടായി മാറി. ഒരു സിനിമപോലും നഷ്ടപ്പെടാതിരിക്കാൻ അച്ഛന്റെ പോക്കറ്റിൽനിന്ന് മോഷ്ടിച്ച കാശുമായി തിയേറ്ററുകളിലേൽ ഞാൻ ഓടിക്കൊണ്ടയിരുന്നു.
ക്ലാസുകളും പരീക്ഷയുമൊന്നും എനിക്ക് തടസമായില്ല. ഷോലെ റിലീസ് ചെയ്യുമ്പോൾ പിന്നെന്ത് പരീക്ഷ! തിരുവനന്തപുരത്തെ എല്ലാ തിയേറ്ററുകളിലെയും മുൻ നിരയിലിരുന്ന് അക്കാലത്ത് ഞാൻ സിനിമ കണ്ടിട്ടുണ്ട്. 50 പൈസ മതിയായിരുന്നു ടിക്കറ്റിന്, ഭ്രാന്തമായ ആവേശമായിരുന്നു ഓരോ ബച്ചൻ സിനിമയും.
ബച്ചനെ നേരിട്ട് കാണണമെന്ന് അന്ന് സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ല. കുറച്ച് ഉയരമുള്ളതിനാൽ പെൺകുട്ടികളെ ആകർഷിക്കാൻ അമിതാഭ് ബച്ചന്റെ ഡ്രസ്സിങ് സ്‌റ്റൈൽ പിന്തുടരണം എന്ന ചിന്തയാണ് ബെൽമ്പോട്ടം പാന്റ്സ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. അമിതാഭ് ബച്ചനാകാനുള്ള ശ്രമങ്ങൾ പല രീതിയിൽ നടത്തിനോക്കിയിട്ടുണ്ട്,’ പ്രിയദർശൻ പറയുന്നു.