ഇന്നസെന്റും ജഗദീഷുമുള്ള ഫുൾ ലെങ്ത് റോൾ കട്ട് ചെയ്തു, അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു: പ്രിയദർശൻ
Entertainment
ഇന്നസെന്റും ജഗദീഷുമുള്ള ഫുൾ ലെങ്ത് റോൾ കട്ട് ചെയ്തു, അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു: പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th June 2023, 11:52 pm

പ്രിയദർശൻ ചിത്രങ്ങൾ എപ്പോഴും മലയാളികളെ ചിരിപ്പിച്ചിട്ടേയുള്ളു. ചിരിക്ക് ശേഷം കരച്ചിലും ഉണ്ടാകും. ഒരേസമയം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത പ്രിയദർശൻ സിനിമയായ ‘ചിത്രത്തിൽ’ നിന്നും നീക്കം ചെയ്ത സീനുകളെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം.

ചിത്രം എന്ന സിനിമയിൽ നിന്നും ജഗദീഷും ഇന്നസെന്റുമുള്ള സീനുകൾ കട്ട് ചെയ്തിട്ടുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. സിനിമയുമായി ബന്ധമില്ലെന്ന് തോന്നിയപ്പോഴാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിത്രം എന്ന സിനിമയിൽ ഇന്നസെന്റ് എന്ന ആളെ പലരും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഒരു സീൻ മാത്രമാണ് ആളുകൾ കണ്ടിട്ടുള്ളു. അതൊരു ഫുൾ ലെങ്ത് റോളാണ്. അത് കട്ട് ചെയ്ത് കളഞ്ഞു. അതുപോലെ തന്നെയാണ് ജഗദീഷും, അദ്ദേഹത്തിന് ഒരുപാട് സീനുകൾ ഉണ്ടായിരുന്നു. അതൊക്കെ കട്ട് ചെയ്ത് കളഞ്ഞു. സിനിമ എഡിറ്റ് ചെയ്തത് എന്റെ ഗുരുനാഥൻ ആണ്. അദ്ദേഹം എന്നോട് പറഞ്ഞു ഒരുതവണ കൂടി ഈ സിനിമ കാണിക്കാമെന്ന്. അതിൽ ഒരു കഥാപാത്രത്തെ കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് ജഗദീഷിനെയാണ്,’ പ്രിയദർശൻ പറഞ്ഞു.

ജഗദീഷിന്റെ കഥാപാത്രം കട്ട് ചെയ്ത് കളഞ്ഞപ്പോൾ കഥയുടെ ഒഴുക്ക് നന്നായെന്നും, ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കാണുന്ന സുഖം ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ജഗദീഷിന്റെ കഥാപാത്രം കളഞ്ഞതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ഇതേ സിനിമയിൽ എനിക്ക് മുൻപ് ഒരു അനുഭവം ഉണ്ടായിരുന്നു. അതാണ്‌ ഞാൻ സമ്മതിച്ചത്. കാരണം, ഇന്നസെന്റിന്റെ കഥാപാത്രത്തെ ഇതുപോലെ കട്ട് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ ഞാൻ അതിൽ വിശ്വാസം നൽകി. ജഗദീഷിന്റെ കഥാപാത്രം മുഴുവനായി വെട്ടി മാറ്റിയപ്പോൾ ആ ചിത്രത്തിന്റെ ഫ്ലോ തന്നെ ബെറ്റർ ആയി. നർമ്മത്തിന് വേണ്ടി മാത്രമുള്ള ഒരു കഥാപാത്രമായിരുന്നെങ്കിൽ ഇപ്പോൾ കാണുമ്പോൾ കിട്ടുന്ന സുഖം നഷ്ടപ്പെട്ടേനെ. എഡിറ്റിങ് ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഷൂട്ട് ചെയ്യുമ്പോൾ ക്യാമറാമാൻ നമ്മുടെ വലംകൈയാകുമ്പോൾ എഡിറ്റിങ് നമ്മളെ നേർവഴിയിൽ നയിക്കുന്നു,’ പ്രിയദർശൻ പറഞ്ഞു.

Content Highlights: Priyadarshan on Chithram movie