സ്വന്തം സിനിമ കണ്ട് കണ്ണ് നിറഞ്ഞ് പ്രിയ വാര്യര്‍
Entertainment news
സ്വന്തം സിനിമ കണ്ട് കണ്ണ് നിറഞ്ഞ് പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th November 2022, 7:23 pm

നാല് വര്‍ഷത്തിന് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തുന്ന സിനിമയാണ് 4 ഇയേഴ്‌സ്. രഞ്ചിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 25നാണ് തിയേറ്ററുകളിലെത്തുന്നത്. തന്റെ സിനിമയുടെ പ്രിവ്യു കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് താരം.

കുറേകാലമായി താന്‍ ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും, ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നത് എന്നും കണ്ണീരോടെ പറയുകയാണ് താരം.

‘കുറേകാലമായി ഇത്തരത്തിലൊരു പ്രേക്ഷക പ്രതികരണത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു. ചെറുപ്പം തൊട്ടുള്ള എന്റെ സ്വപ്‌നമാണ് സിനിമ. ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ എനിക്ക് എന്തു പറയണമെന്ന് അറിയില്ല. സിനിമയില്‍ എനിക്ക് എന്നെ കാണാന്‍ കഴിഞ്ഞില്ല. സിനിമയിലെ കഥാപാത്രങ്ങളായ ഗായത്രിയേയും വിശാലിനേയും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു.

സിനിമയുടെ അവസാനം രഞ്ജിത്ത് ശങ്കര്‍ മൂവി എന്ന് എഴുതി കാണിച്ചപ്പോള്‍ ഞാന്‍ ഇമോഷണലായി. എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. ശരിക്കും പറഞ്ഞാല്‍ ആദ്യമായിട്ടാണ് എന്നെ സ്‌ക്രീനില്‍ കാണുന്നത് എന്ന് തോന്നി. ഇത് സന്തോഷത്തിന്റെ കണ്ണീരാണ്.

വലിയൊരു ഇടവേളക്ക് ശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് വരുന്നത്. മലയാളത്തില്‍ നല്ലൊരു സിനിമ കിട്ടാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം. എല്ലാവര്‍ക്കും ഇഷ്ടമാകും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അവനവന്റേതായ വ്യക്തിത്വമുള്ള രണ്ട് കഥാപാത്രങ്ങളാണ് ഗായത്രിയും വിശാലും. ഞാന്‍ കരുതുന്നു ഈ സിനിമ ഉറപ്പായും വിജയിക്കുമെന്ന്.

സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സിനിമ കാണാന്‍ വന്നവരുടെ ലൈവ് പ്രതികരണം കേള്‍ക്കാന്‍ സാധിച്ചു. അവര്‍ ചിരിക്കുമെന്ന് പോലും കരുതാത്ത ഇടങ്ങളില്‍ അവര്‍ ചിരിക്കുന്നത് കണ്ടു. എന്തായാലും എനിക്ക് സന്തോഷമായി,’ താരം പറഞ്ഞു.

2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലൗ എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വരുന്നത്. എന്നാല്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് തെറ്റായിരുന്നു എന്ന് പ്രിയ നേരത്തെ പറഞ്ഞിരുന്നു. ആ സിനിമയെ തുടര്‍ന്ന് സൈബര്‍ അറ്റാക്ക് അടക്കമുള്ള തിരിച്ചടികള്‍ താരത്തിന് നേരിടേണ്ടി വന്നത്.

 

content highlight: priya varrier response