സംവിധായകന്‍ രജിത്തിനെ കുറിച്ചും മലയാള സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. മുപ്പത്തിയേഴാമത്തെ വയസിലാണ് രഞ്ജിത്ത് നന്ദനം എന്ന സിനിമക്ക് സ്‌ക്രിപ്റ്റ് എഴുതിയതെന്നും ആ പ്രായത്തില്‍ അങ്ങനെയൊരു തിരക്കഥ എഴുതിയെന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
തന്റെ തലമുറ സിനിമയിലേക്കെത്തിയ കാലമല്ല ഇപ്പോഴുള്ളതെന്നും കഥയും തിരക്കഥയും വിഷയവുമൊന്നും നോക്കിയല്ല അന്ന് അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിച്ചിരുന്നതെന്നും എന്നാല്‍ ഇന്ന് കണ്ടന്റ് നോക്കിയാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുപ്പത്തിയേഴാമത്തെ വയസിലാണ് രഞ്ജിയേട്ടന്‍ നന്ദനത്തിന് തിരക്കഥയൊരുക്കുന്നത്. ആ പ്രായത്തില്‍ അങ്ങനെയൊരു തിരക്കഥ എഴുതിയെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. രഞ്ജിയേട്ടന് ഒരു മാറ്റവുമില്ല. അല്പം നരകയറിയെന്നുമാത്രം. വലിയ മാറ്റം സംഭവിച്ചത് സിനിമയ്ക്കാണ്.
എന്റെ തലമുറ സിനിമയിലേക്കെത്തിയ കാലമല്ല ഇന്ന്. അന്നത്തെ സാഹചര്യവും രീതിയുമെല്ലാം വ്യത്യാസമായിരുന്നു. കഥയും തിരക്കഥയും വിഷയവുമൊന്നും നോക്കിയല്ല അന്ന് സിനിമകളുടെ ഭാഗമായിരുന്നത്. വലിയൊരു സംവിധായകന്‍, പേരെടുത്തൊരു പ്രൊഡക്ഷന്‍ കമ്പനി അവരാണ് നമ്മളെ അഭിനയിക്കാന്‍ വിളിക്കുന്നതെങ്കില്‍ മറ്റ് കാര്യങ്ങളെല്ലാം അവിടെ അപ്രസക്തമാകുമായിരുന്നു.
ഉദാഹരണത്തിന് ഭദ്രന്‍സാറും ഗുഡ്‌നൈറ്റ് മോഹന്‍സാറും കൂടി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അതിന്റെ വിഷയം അന്നെനിക്ക് പ്രശ്‌നമായിരുന്നില്ല. ഇന്ന് കാലം മാറി, ഇന്നലെ സിനിമയിലെത്തിയ ഒരു നടനെ മണിരത്‌നം വിളിച്ചാല്‍പോലും അവര്‍ക്ക് സിനിമയെന്താണെന്ന് അറിയാനും അത് അദ്ദേഹത്തോട് ചോദിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
ഒരുതരത്തില്‍ അതുതന്നെയാണ് ആരോഗ്യകരമായ പ്രവണത. എന്നാല്‍ മുമ്പ് ആ സ്വാതന്ത്ര്യം സിനിമയിലെത്തുന്നവര്‍ക്ക് ലഭിച്ചിരുന്നില്ല. വലിയ സംവിധായകനോ നിര്‍മാണകമ്പനിയോ നമ്മളെ തേടിവരുമ്പോള്‍ അല്ലെങ്കില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അത് അംഗീകാരമായി കണക്കാക്കിയിരുന്നു. ഇന്ന് സംവിധായകര്‍ക്കും നിര്‍മാണകമ്പനികള്‍ക്കുമെല്ലാം മീതേ സിനിമയുടെ ക്വാളിറ്റി നില്‍ക്കുന്നു.
അഭിപ്രായം നേടുന്ന ചെറുസിനിമകള്‍ കാണാന്‍പോലും പ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററിലേക്കെത്തുന്നു. പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമകളാണ് വിജയിക്കുന്നത്. സിനിമയിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ഇത്തരം രണ്ട് കാലഘട്ടത്തിലൂടെയും കടന്നുപോകാന്‍
കഴിഞ്ഞു എന്നതാണ്. ഒരുപക്ഷേ, ഈ മാറ്റം കാണാന്‍കഴിഞ്ഞ അവസാന തലമുറയിലെ അംഗങ്ങളിലൊരാളാകും ഞാന്‍,’ പൃഥ്വിരാജ് പറയുന്നു.